85-ാം വര്‍ഷത്തിലേക്ക് പദമൂന്നുന്ന  ശ്രീനാരായണധര്‍മ്മസംഘം
സ്വാമി ഋതംഭരാനന്ദ

    ഇന്നു ലോകത്തിലെ തന്നെ ആത്മീയ പ്രസ്ഥാനങ്ങളില്‍ സമുന്നതമായ സ്ഥാനമലങ്കരിക്കുന്ന മഹാപ്രസ്ഥാനമാണ് ശ്രീനാരായണഗുരുദേവനാല്‍ സംസ്ഥാപനം ചെയ്യപ്പെട്ട ശ്രീനാരായണധര്‍മ്മസംഘം. ലോകസംഗ്രഹത്തിനായി അവതരിച്ച  ഗുരുദേവന്‍റെ ഈ സംന്യാസിശിഷ്യസംഘം കഴിഞ്ഞ 84 സംവത്സരങ്ങളായി ലോകമംഗളത്തിനായുള്ള സേവ അഭംഗുരം തുടര്‍ന്നുകൊണ്ടിരിക്കുന്നു. പ്രണവമുണര്‍ന്നു പിറപ്പൊഴിഞ്ഞു വാഴുന്ന ഗുരുദേവതൃപ്പാദങ്ങളില്‍ മൂര്‍ത്തി നിര്‍ത്തി  (മനസ്സും ദേഹവും അര്‍പ്പിച്ച്) നിലകൊള്ളുന്ന ഈ സംന്യാസിശിഷ്യപരമ്പര വിശ്വമാനവികതയുടെ മഹാപ്രകാശം കൊണ്ട് മനുഷ്യഹൃദയങ്ങളെ പ്രകാശിപ്പിക്കുവാനുള്ള യജ്ഞം തുടരുകയാണ്. ഈ തുടര്‍ച്ചയാണ് ഒരിക്കല്‍ ഭ്രാന്താലയമെന്ന് വിവേകാനന്ദസ്വാമികള്‍ വിശേഷിപ്പിച്ച കേരളത്തെ മതസൗഹാര്‍ദ്ദത്തിന്‍റെയും ദൈവത്തിന്‍റെയും സ്വന്തം നാടാക്കി ഉയര്‍ത്തിയത്. 


      ശ്രീനാരായണധര്‍മ്മസംഘം വ്യക്തിജീവിതത്തിന്‍റെയും സാമൂഹ്യജീവിതത്തിന്‍റെയും സമസ്തമേഖലകളിലുമുള്ള അഭിവൃദ്ധിയാണ് ലക്ഷ്യമാക്കുന്നത്. ഈ അഭിവൃദ്ധിപ്രാപിക്കലിന് ആദ്ധ്യാത്മികമായ ഒരധിഷ്ഠാനം വേണ്ടതുണ്ട്. ആദ്ധ്യാത്മികതയെന്നത് ഈ ജീവിതത്തിനപ്പുറത്തുള്ള ഒരവസ്ഥയല്ല.  അതു ഈ ജീവിതത്തിന്‍റെ ഏറ്റവും ഉയര്‍ന്നതും സര്‍വ്വഭേദങ്ങളും അസ്തമിച്ചു നില്‍ക്കുന്നതുമായ നിര്‍വൃതിയുടെ ആനന്ദദായകമായ ഒരാനുഭൂതികതലമാണ് . ആ തലത്തിലേക്കുയരുവാന്‍ നേരായ മാര്‍ഗ്ഗങ്ങള്‍ കൊണ്ട് ഓരോരുത്തര്‍ക്കും അവരവരുടെ ജീവിതത്തെ പ്രചോദിപ്പിക്കുവാനാകണം.  ഒപ്പം ലൗകികജീവിതത്തില്‍ മാറിമറിഞ്ഞുവരുന്ന സ്ഥിതിഭേദങ്ങള്‍ കേവലം നൈമിഷികം മാത്രമാണെന്ന ബോധവുമുദിക്കണം. സ്ഥിതിഭേദങ്ങള്‍ യാതൊന്നും ശാശ്വതമല്ല. അസ്വാതന്ത്ര്യത്തിലേക്കും അശാന്തിയിലേക്കും അസമത്വത്തിലേക്കും സര്‍വ്വവിധ വിവേചനങ്ങളിലേക്കും മനുഷ്യനെ തള്ളിവിടുന്ന സ്ഥിതിഭേദങ്ങള്‍ അര്‍ത്ഥശൂന്യങ്ങളും നിരര്‍ത്ഥകങ്ങളുമാണെന്നറിയണം. എങ്കില്‍ മാത്രമേ മനുഷ്യനു ആദ്ധ്യാത്മികമായും ഭൗതികമായും  'നന്നാവാന്‍' സാധിക്കുകയുള്ളൂ. ഈ നന്നാകലിന്‍റെ ലൗകികാലൗകിക മാര്‍ഗ്ഗങ്ങളും പാഠങ്ങളുമാണു ഗുരുദേവന്‍ സ്വജീവിതം കൊണ്ടും ദര്‍ശനം കൊണ്ടും നല്കിയിട്ടുള്ളത്. 'വിലമതിയാത' വിളക്കായി നിലകൊള്ളുന്ന ഗുരുദര്‍ശനം ലോകമാകെ വ്യാപിപ്പിക്കുകയെന്നതാണ് ധര്‍മ്മസംഘത്തിന്‍റെ മൗലികവും കാലാതീതവുമായ ദൗത്യം.


     1928 ജനുവരി 9 നാണ് ഗുരുദേവന്‍ തൃശ്ശൂര്‍ കൂര്‍ക്കഞ്ചേരി ശ്രീമാഹേശ്വരക്ഷേത്രസന്നിധിയിലെ പ്ലാവിന്‍ ചുവട്ടില്‍ വച്ച് ധര്‍മ്മസംഘം സംസ്ഥാപനം ചെയ്തത്. ഗുരുദേവകല്പന ശിരസ്സാവഹിച്ച് സംഘത്തില്‍ ആദ്യ അംഗങ്ങളായി ചേര്‍ന്ന ദിവ്യശ്രീ ബോധാനന്ദസ്വാമികള്‍, ദിവ്യശ്രീ ആത്മാനന്ദസ്വാമികള്‍, ദിവ്യശ്രീ രാമാനന്ദസ്വാമികള്‍, ദിവ്യശ്രീ വിദ്യാനന്ദ സ്വാമികള്‍, ദിവ്യശ്രീ  സുഗുണാനന്ദഗിരി സ്വാമികള്‍, ദിവ്യശ്രീ നരസിംഹസ്വാമികള്‍, ദിവ്യശ്രീ ഗോവിന്ദാനന്ദസ്വാമികള്‍, ദിവ്യശ്രീ ആനന്ദതീര്‍ത്ഥസ്വാമികള്‍, ദിവ്യശ്രീ ശങ്കരാനന്ദസ്വാമികള്‍, ശ്രീ നീലകണ്ഠന്‍ ശാന്തിസ്വാമികള്‍ എന്നീ മഹാത്മാക്കള്‍  അനശ്വരരായി നിലകൊള്ളുകയാണ്. അവര്‍ കൊളുത്തി വച്ച ഗുരുനിയോഗത്തിന്‍റെ തുടര്‍ച്ചയിലേക്ക് നിരവധി സംന്യാസിശ്രേഷ്ഠര്‍ ഇതിനകം കണ്ണികളായി ചേര്‍ന്നിട്ടുണ്ട്. അവരുടെയെല്ലാം ആയുസ്സും വപുസ്സും ആത്മതപസ്സും കൊണ്ട് ഇന്നത്തെ നിലയിലെത്തി നില്ക്കുന്ന ധര്‍മ്മസംഘം 85-ാം വയസ്സിലേക്ക് പദമൂന്നുകയാണ്. ലോകമംഗളത്തിനായി പരോപകാരാര്‍ത്ഥം പ്രയത്നിച്ചുകൊണ്ട് ഗുരുസേവ തുടരുന്ന ശ്രീനാരായണധര്‍മ്മസംഘം സമസ്ത മനുഷ്യരുടെയും ഭാവിശ്രേയസ്സിനുള്ള ആദ്ധ്യാത്മികതയുടെ തലസ്ഥാനമാണ്. ഈ വിശുദ്ധഗിരിയില്‍ നിന്നും പ്രവഹിക്കുന്ന ഗുരുദര്‍ശനത്തിന്‍റെ പുണ്യം നുകര്‍ന്ന് ഏവരുടെയും ജീവിതം ധന്യമായിത്തീരട്ടെയെന്ന് പ്രാര്‍ത്ഥിക്കുന്നു.