എന്താണ് ജ്ഞാനയോഗം
സ്വാമി ശിവസ്വരൂപാനന്ദ
എന്താണ് ജ്ഞാനയോഗം? ജ്ഞാനത്തോടുള്ള യോഗം അഥവാ കൂടിച്ചേരല്‍. മറ്റൊരര്‍ത്ഥത്തില്‍ ജ്ഞാനത്തിന് സഹായമായി വര്‍ത്തിക്കുന്ന പ്രക്രിയ എന്നും പറയാം.
ജ്ഞാനമെന്നാല്‍ അറിവ്- ബോധം എന്നര്‍ത്ഥം. എന്തിനെക്കുറിച്ചുള്ള അറിവ്? അവനവനെക്കുറിച്ചുള്ള അറിവ് അല്ലെങ്കില്‍ ബോധം. എന്നിലെ 'എന്നെ' കണ്ടെത്താനുള്ള അറിവും ആഹ്വാനവുമാണ് ജ്ഞാനയോഗത്തിന്‍റെ താല്‍പ്പര്യം. ഇവിടെ ആര്‍ക്കാണ് ജ്ഞാനയോഗം വേണ്ടത്? മുക്തരാവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയാണ് ജ്ഞാനയോഗം. എന്തില്‍ നിന്ന് മുക്തരാവാന്‍? ബന്ധനത്തില്‍ നിന്ന് അഥവാ അറിവില്ലായ്മയില്‍ നിന്ന്. എല്ലാവരും മുക്തന്മാരാണ്. എന്നാല്‍ ബദ്ധന്മാരാണെന്നാണ് എല്ലാവരും കരുതുന്നത്. ഇതൊരുതരം തെറ്റിദ്ധാരണയാണ്. ഞാന്‍ ബദ്ധനാണെന്ന തെറ്റിദ്ധാരണ മാറ്റി നിത്യമുക്തനാണെന്ന ബോധം ഉണ്ടാക്കുന്നതിനെയാണ് 'ജ്ഞാനയോഗം' എന്നു പറയുന്നത്.
ബ്രഹ്മം മാത്രമേ സത്യമായുള്ളൂ. രണ്ടാമതായി മറ്റൊന്നും ഇവിടില്ല. അജ്ഞാനത്തില്‍ നിന്നാണ് ഈ നാനാത്വ പ്രതീതി ഉണ്ടാകുന്നത്. അജ്ഞാനം കൊണ്ടാണ് സത്യത്തെ , ആത്മാവിനെ, ബ്രഹ്മത്തെ കാണാതെ പ്രപഞ്ചത്തെ കാണുന്നത്. ഉദാ: കയറിനെ കണ്ട് പാമ്പാണെന്ന് തെറ്റിദ്ധരിക്കുന്നത്. ഈ തെറ്റിദ്ധാരണയാണ് നമ്മുടെ സര്‍വദുഃഖങ്ങള്‍ക്കും കാരണം. അജ്ഞാനം ജ്ഞാനത്തിന്‍റെ അഭാവമല്ല. ഇരുട്ട് വെളിച്ചത്തിന്‍റെ അഭാവമായിരിക്കുന്നതുപോലെ. കാരണം സത്യം, ജ്ഞാനം ഒരിക്കലും ഇല്ലാതെയിരുന്നിട്ടില്ല. ത്രികാലങ്ങളിലും മാറ്റമില്ലാതിരിക്കുന്ന ഇത് കാലാതീതമാണ്. അപ്പോള്‍ അജ്ഞാനമെന്നാല്‍ അന്യഥാജ്ഞാനമാണ്. തെറ്റിദ്ധാരണയാണ്. മരുഭൂമിയില്‍ സൂര്യപ്രകാശത്തിന്‍റെ തരംഗാവലികള്‍ കണ്ട് വെള്ളമാണെന്ന് തെറ്റിദ്ധരിക്കുന്നു. അദ്ധ്യാസമെന്നും, ആരോപമെന്നും ഈ തെറ്റിദ്ധാരണയെ പറയുന്നു. ഒന്നില്‍ മറ്റൊന്നിന്‍റെ ധര്‍മ്മത്തെ അടിച്ചേല്‍പ്പിക്കുന്നതാണ് അദ്ധ്യാസം. ഈ ആരോപത്തില്‍ നിന്നും പുറത്തുകടക്കാന്‍ അപവാദത്തെ സ്വീകരിക്കണം. തെറ്റിദ്ധരിക്കപ്പെട്ട വസ്തുവിനെ തള്ളി യഥാര്‍ത്ഥ വസ്തുവിനെ കാണുന്ന പ്രക്രിയയാണ് അപവാദം.
അറിവ് അല്ലെങ്കില്‍ ജ്ഞാനം ഉണ്ടായില്ലെങ്കിലെന്താണ് കുഴപ്പം? കയറിനെ പാമ്പാണെന്ന് ധരിക്കുമ്പോള്‍ ഉള്ള അതേ കുഴപ്പം തന്നെ. തെറ്റിദ്ധാരണമൂലം ജീവന്‍ സംസാരദുഃഖത്തില്‍ കഷ്ടപ്പെട്ടുകൊണ്ടിരിക്കും. അദ്വൈതജ്ഞാനത്തിലെത്തിയാലേ ഭയശോകങ്ങള്‍ ഇല്ലാതാവുകയുള്ളൂ. രണ്ടുള്ളതുകൊണ്ടാണ് ഭയം ഉള്ളത്. അപ്പോള്‍ ഭയം ഇല്ലാതാകാന്‍ രണ്ടെന്ന ഭാവം ഇല്ലാതാവണം. അതിന് ജ്ഞാനയോഗം മാത്രമേ വഴിയായുള്ളൂ.
'സത്യം കര്‍മ്മാഖിലം പാര്‍ത്ഥ
ജ്ഞാനപരിസമാപ്യതേ'
എന്ന് ഗീത. സര്‍വ്വകര്‍മ്മങ്ങളും ജ്ഞാനത്തിലാണ് സമാപിക്കുന്നത്. അമ്പലത്തിലേയ്ക്ക് ധാരാളം വഴികളുണ്ട്. അമ്പലത്തിനകത്ത് പ്രവേശിക്കാനും നാല് വഴികളുണ്ട്. എന്നാല്‍ ശ്രീകോവിലിനുള്ളിലേയ്ക്ക് ഒരു വഴി മാത്രമേയുള്ളൂ. ഇതുപോലെ ചിത്തശുദ്ധിക്ക് കര്‍മ്മ, ഭക്തി, രാജ, ഹഠയോഗങ്ങളുണ്ട്. ജ്ഞാനലബ്ധിക്ക് ആത്മവിചാരം എന്ന ജ്ഞാനമാര്‍ഗ്ഗം ഒന്നു മാത്രമേയുള്ളൂ. ഈ ജ്ഞാനമാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുവാന്‍ എല്ലാവരാലും കഴിഞ്ഞെന്നുവരില്ല. അതിന് ജഞാനസാധനയില്‍ തല്‍പ്പരരായിരിക്കണം.
കഠോപനിഷത്ത് പറയുന്നത്:
ശ്രവണായാപി ബഹുദിര്‍യോനലഭ്യഃ
ശൃണ്വന്തോളപി ബഹവോയം ന വിദ്യുഃ
ആശ്ചര്യോ വക്താ കുശലോളസ്യ പ ലബ്ധാ
ആശ്ചര്യോ ജ്ഞാതാ കുശലാനു ശിഷ്ടഃ
ഇത്തരത്തില്‍ തത്വത്തില്‍ ശ്രദ്ധിക്കാന്‍ കഴിവുള്ളവര്‍ക്കേ ബ്രഹ്മവിദ്യ ഉപകരിക്കൂ.
ജ്ഞാനയോഗത്തില്‍ സഞ്ചരിക്കുന്നവന് ചില യോഗ്യതകള്‍ ശാസ്ത്രം പറയുന്നുണ്ട്. അതിനെ സാധനാചതുഷ്ടയം എന്നുപറയും. നിത്യാനിത്യവസ്തുവിവേകം, ഇഹാമുത്ര ഫലഭോഗവിരാഗം, ശമാദിഷഡ്ക്കസമ്പത്തി, മുമുക്ഷുത്വം. ഇതു നാലും ഉള്ള സാധനാ ചതുഷ്ടയസമ്പന്നനായിരിക്കണം ബ്രഹ്മവിദ്യയ്ക്കധികാരി.
ഒന്നാമതായി നിത്യമായ സത്തിനേയും അനിത്യമായ അസത്തിനേയും തിരിച്ചറിയാനുള്ള കഴിവുണ്ടായിരിക്കണം. ബ്രഹ്മം സത്യമായതാണ്. ജഗത്ത് മിഥ്യയാണ്. അചഞ്ചലമായ ഈ അറിവാണ് നിത്യാനിത്യവസ്തുവിവേകം. കാരണം ബ്രഹ്മം കാലദേശങ്ങള്‍ക്ക് അതീതമാണ്. അത് ഏകരൂപമായി,ഏകരസമായിവര്‍ത്തിക്കുന്നവയാണ്. അതേസമയം ജഗത്ത് ഉത്പത്തിസ്ഥിതി നാശങ്ങളെല്ലാമുള്ളതാണ്.
രണ്ടാമതായി ഇഹാമുത്രഫലഭോഗവിരാഗം. ഇഹപരലോകങ്ങളിലെല്ലാമുള്ള ഫലഭോഗങ്ങളില്‍ ഉള്ള വൈരാഗ്യമാണത്. ഈ ശരീരത്തിലെന്തുണ്ട്? മലമൂത്രവാസമേദസുകളുടെ കൂടാണിത്. നീര്‍ക്കുമിളപോലെയാണിതിന്‍റെ നിലനില്‍പ്പ്. ഈ ലോകവും , സ്വര്‍ഗ്ഗവും, ബ്രഹ്മലോകവും ഒന്നും ശാശ്വതമല്ല. പിന്നെ ഇതില്‍ എന്തിരിക്കുന്നു എന്ന ചിന്ത ഉണ്ടായാല്‍ ഇതിനോടുള്ള ആസക്തി നശിക്കും. ഇതിനെയാണ് വൈരാഗ്യം എന്നു പറയുന്നത്.
അടുത്തത് ശമാദിഷഡ്ക്കസമ്പത്തിയാണ്. ശമം, ദമം, ഉപരതി, തിതിക്ഷ, ശ്രദ്ധ, സമാധാനം എന്നിങ്ങനെ ആറു ഗുണങ്ങള്‍ വളര്‍ത്തിയെടുക്കലാണിത്.
ശമം
ദൃശ്യങ്ങളായ വിഷയങ്ങളില്‍ ദോഷം കണ്ട് മനസ്സിനെ വിഷയങ്ങളില്‍ നിന്നും പിന്‍വലിയ്ക്കുന്നതിനെയാണ് ശമം എന്നതുകൊണ്ടര്‍ത്ഥമാക്കുന്നത്. അപ്പോള്‍ മനസ്സ് ആത്മവസ്തുവില്‍ ഉറച്ചുനില്‍ക്കും. ചുരുക്കത്തില്‍ മനസ്സിനെ അന്തര്‍മുഖമാക്കി നിര്‍ത്തുന്നതാണ് ശമം.
ദമം
ഇന്ദ്രിയങ്ങളെ ഇന്ദ്രിയവിഷയങ്ങളില്‍ നിന്നും വിടുവിപ്പിച്ച് അവയുടെ സ്ഥാനത്ത് നിര്‍ത്തുന്നതാണ് ദമം. വിഷയങ്ങള്‍ക്കു അടിമപ്പെടാന്‍ ജ്ഞാനേന്ദ്രിയങ്ങളേയും കര്‍മ്മേന്ദ്രിയങ്ങളേയും അനുവദിക്കരുതെന്നര്‍ത്ഥം.
ഉപരതി
ഇവിടെ മനസ്സിന് പ്രത്യേക രൂപമൊന്നുമില്ല. ഈ മനസ്സ് മുന്നില്‍ വരുന്ന വിഷയങ്ങളുടെ രൂപത്തെ കൈക്കൊള്ളുന്നു. ഇങ്ങനെ മനോവൃത്തി വിഷയവൃത്തികളില്‍ പറ്റാതെ സൂക്ഷിക്കുന്നതാണ് ഉപരതി.
തിതിക്ഷ
എല്ലാത്തരത്തിലുമുള്ള ദുഃഖങ്ങളേയും, കഷ്ടപ്പാടുകളേയും പ്രതികാരചിന്തയോ,വിലാപമോ,മുറുമുറുക്കലോ കൂടാതെ എല്ലാം ഈശ്വരേച്ഛയാണെന്ന് കരുതി സഹിക്കുന്നതിനെ തിതിക്ഷയെന്നു പറയും.
ശ്രദ്ധ
ശാസ്ത്രങ്ങളേയും ഗുരുവാക്യങ്ങളേയും പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ യുക്തിയുക്തമായി, സംശയരഹിതമായി അംഗീകരിക്കുന്നതിനെയാണ് ശ്രദ്ധയെന്നു പറയുന്നത്. 'ശ്രദ്ധാവാന്‍ ലഭതേ ജ്ഞാനം' എന്ന് ഗീതയും ഉദ്ഘോഷിക്കുന്നുണ്ട്. ശ്രദ്ധയില്ലാത്തവന് തത്ത്വഗ്രഹണവും സാദ്ധ്യമല്ല.
സമാധാനം
ബുദ്ധിയെ ബ്രഹ്മത്തിലുറപ്പിക്കുന്നത് സമാധാനം. ബഹിര്‍മുഖമായി ഒഴുകുന്ന മനസ്സിനെ അന്തര്‍മുഖമാക്കി തിരിച്ചാല്‍ സമാധാനമായി.
മോക്ഷേച്ഛ അഥവാ മുമുക്ഷുത്വം
അജ്ഞാനത്താല്‍ കല്പിതമായ അഹങ്കാരം മുതല്‍ ദേഹം വരെയുള്ള കല്പനകളെല്ലാം സത്യമല്ലെന്നും സ്വസ്വരൂപം മാത്രമേ സത്യമായുള്ളുവെ ന്നും അറിഞ്ഞ് എല്ലാത്തില്‍ നിന്നും വിട്ട് മുക്തിയെ മാത്രം ലക്ഷ്യം വയ്ക്കുന്നതാണ് മുമുക്ഷുത്വം.
ഇനി ഇത്തരത്തില്‍ വേദാന്തത്തെ സമീപിക്കുമ്പോള്‍ വേദാന്തം സാധാരണക്കാര്‍ക്ക് അപ്രാപ്യമാണെന്ന് തോന്നും. അങ്ങനെയല്ല, വേദാന്തം ആര്‍ക്കും പഠിക്കാം. അതിനു സ്വന്തം ദിനചര്യയില്‍ മാറ്റം വരുത്തേണ്ട ആവശ്യമില്ല. ഗൃഹസ്ഥാശ്രമികളായിരുന്നു വേദാന്താചാര്യന്മാരില്‍ പലരും. ജനകനും, വസിഷ്ഠനും, ശ്രീകൃഷ്ണനും, ഉദ്ദാലകനും, രാമനും ഇവരെല്ലാം ഗൃഹസ്ഥരായിരുന്നു. വേദാന്തപഠനം ലാഘവബുദ്ധിയോടെ കാണാതിരിക്കാനാണ് സാധനാചതുഷ്ടയ സമ്പന്നനാകണമെന്ന് പറയുന്നത്. വേദാന്തപഠനത്തിന് അതിന്‍റേതായ മഹത്വം കൊടുത്തില്ലെങ്കില്‍ ഫലം വിപരീതമാകും.
ഛാന്ദോഗ്യോപനിഷത്തില്‍ ഇന്ദ്രവിരോചനന്മാരുടെ ഒരു കഥയുണ്ട്. രണ്ടുപേരും തത്വഗ്രഹണത്തിനായി പ്രജാപതിയെ സമീപിക്കുന്നു. ശ്രദ്ധയോടെ സമീപിച്ച ഇന്ദ്രന് സംശയം ഉണ്ടായി. അത് ജിജ്ഞാസയായി. പലതവണ സംശയനിവൃത്തി വരുത്തി ഇന്ദ്രന്‍ ജ്ഞാനലാഭമുണ്ടാക്കിയെടുത്തു. ലാഘവബുദ്ധിയോടെ സമീപിച്ച വിരോചനന് പറഞ്ഞതെന്താണെന്ന് മനസ്സിലായില്ല. ശരീരമാണ് ആത്മാവെന്ന് തെറ്റിദ്ധരിച്ച് തിരിച്ചുപോന്നു. ഇപ്രകാരം തെറ്റിദ്ധാരണയോ വിപരീത ഭാവനയോ ഉണ്ടാവാതിരിക്കാനാണ് സാധനാചതുഷ്ടയം വേണമെന്ന് പറയുന്നത്.
ശരിയായ ഒരു ഗുരുവിനെ ലഭിക്കുന്നത് ശരിയായ പാകത വരുമ്പോഴാണ്. പാകത വരാത്ത ഒരുവന് ബാഹ്യമായി ഒരു ഗുരുവിനെ കണ്ടുമുട്ടാനായാലും തിരിച്ചറിയാനാവില്ല.
ഗുരു എങ്ങനെയുള്ള ആളായിരിക്കണം?
അവിദ്യാഹൃദയ ഗ്രന്ഥി
വിമോക്ഷോള പി ഭവേത് യതഃ
തമേവ ഗുരുരിത്വാഹൂര്‍
ഗുരു ശബ്ദാര്‍ത്ഥ വേദിനഃ
ഹൃദയത്തിലെ അവിദ്യാഗ്രന്ഥികള്‍ മുഴുവനും നശിച്ചുപോയവനും ഗുരുവെന്ന ശബ്ദത്തിന്‍റെ അര്‍ത്ഥത്തെ സ്വയം അറിഞ്ഞവനും ആയ ആളാണ് ഗുരു.
ഇങ്ങനെയുള്ള ഗുരുവിന്‍റെ അനുഗ്രഹം ഇല്ലാതെ ഒരാള്‍ക്കും തത്ത്വബോധം ഉണ്ടാവുകയില്ല.
ഐക്യപരൈഃ ശ്രുതിവാക്യൈഃ
ആത്മാ ശാശ്വത്പ്രകാശവാനേ ള പി
ദേശിക ഭയാ വിഹീനൈഃ
അപരോക്ഷയിതും ന ശക്യതേ
പുരുഷൈഃ
ഐക്യപരങ്ങളായ ശ്രുതിവാക്യങ്ങളാല്‍ ആത്മാവ് സദാ പ്രകാശിച്ചുകൊണ്ടിരിക്കുന്നുവെങ്കിലും ഗുരുകൃപ കിട്ടാത്തവര്‍ക്ക് പരോക്ഷാനുഭൂതിയുണ്ടാവില്ല എന്നാണ് ശ്ലോകാര്‍ത്ഥം. ഇത്തരത്തില്‍ ഗുരുവിന്‍റെ അനുഗ്രഹത്തിനാ യി ഗുരുവിനെ പ്രസന്നനാക്കണം.
'പ്രണതിസേവാദ്യൈ പ്രസന്നം ഗു രും പൃച്ഛേത്' എന്ന് ബ്രഹ്മവിദ്യാപഞ്ചകത്തില്‍ ഗുരുദേവന്‍ വ്യക്തമാക്കിയിട്ടുണ്ട്.
തത്വിദ്ധി പ്രണിപാതേന
പരിപ്രശ്നേന സേവയാ
ഉപദേക്ഷ്യന്തി തേ ജ്ഞാനം
ജ്ഞാനിനസ്തത്ത്വദര്‍ശിനഃ
ജ്ഞാനികളും തത്വദര്‍ശികളുമായവരെ സമീപിച്ച് നമസ്കാരം, സേവനം, അന്വേഷണം എന്നിവകൊണ്ട് അറിയണം. ആ ജ്ഞാനത്തെ അവര്‍ നിനക്കു ഉപദേശിച്ചു തരും.
'നേഹ നാനാസ്തി കിഞ്ചന'
ഇവിടെ ഒട്ടും തന്നെ പലതില്ല.
ജ്ഞാനദര്‍ശനത്തില്‍ ഗുരു പറയുന്നു.
അനാത്മനാമഹങ്കാരാ-
ദീനാം യേനാനുഭൂയതേ
സാക്ഷീ തദാത്മജ്ഞാനം സ്യാ-
ദ്യേനൈവാമൃതമശ്യതേ
അനാത്മാക്കളായ അഹങ്കാരം തുടങ്ങിയ സകലതിന്‍റേയും ദൃഷ്ടാവായ ഞാന്‍ യാതൊരു ജ്ഞാനത്താല്‍ അറിയുന്നുവോ അത് ആത്മജ്ഞാനമാകുന്നു. ഇവിടെ ഒരു സിനിമാസ്ക്രീനില്‍ പലേപടങ്ങള്‍ വന്നും പോയും ഇരിക്കുന്നു. അവയെ കൂട്ടിയിണക്കുന്ന കണ്ണി സ്ക്രീനാണ്. എന്നാലതിനെ നാം കാണുന്നില്ല. നാം കാണുന്നത് അസത്യങ്ങളായ ചിത്രങ്ങളെയാണ് . അവ വെറും നിഴലുകളാണ്. ഈ നിഴലുകള്‍ ക്കിടയ്ക്കുള്ള സ്ക്രീനിനെ നാം കാണുന്നില്ല. അതുപോലെ രണ്ടുചിന്തകള്‍ക്കിടയ്ക്കുള്ള ഇടവേളയേയും നാം കാണുന്നില്ല.
ഉപാധികളില്‍ നാം കര്‍തൃത്വബുദ്ധിയെ ആരോപിക്കയാണ്. ആത്മാവ്, ഞാന്‍ അകര്‍ത്താവാണ്. ഭാഗവതത്തില്‍ പറയുന്നു.
മനസാ വചസാ ദൃഷ്ട്യാ
ഗൃഹ്യതേന്യൈരപീന്ദ്രിയൈഃ
അഹമേവഃ നമത്തോന്യ-
ദിതി ബുദ്ധ്യധ്യമഞ്ജസാ
മനസുകൊണ്ടും വാക്കുകൊണ്ടും മറ്റിന്ദ്രിയങ്ങളെക്കൊണ്ടും ഗ്രഹിക്കപ്പെടുന്നതെല്ലാം ഞാനാണ്. ഞാന്‍ മാത്രമാണെന്നറിഞ്ഞാലും.
ഈ ഞാനെന്നത്, നിഴലുരുവായ് എ രിയുന്നതാണ്. ഇല്ലാത്തതാണ്.
'മനോമയമിദം സര്‍വ്വം' എന്ന് മറ്റൊരുസ്ഥലത്ത് ഗുരു പറയുന്നു. സ്വപ്നത്തില്‍ മനസ്സുതന്നെയാണ് എല്ലാമായി കാണപ്പെടുന്നത്. അവിടെ കാണുന്നവന്‍ ഉള്‍പ്പെടെ സ്വപ്നത്തിന്‍റെ ഭാഗമാണ്.
സ്വപ്നത്തില്‍ മനസ്സ് സ്വന്തം ശക്തികൊണ്ട് ഭോക്താവ് മുതലായവയോടു കൂടിയ ഒരു ലോകത്തെ അര്‍ത്ഥശൂന്യമായി സൃഷ്ടിച്ചെടുക്കുന്നുവെന്നും അത് മുഴുവനും മനസ്സ് തന്നെയാണെന്നും വിവേകചൂഡാമണിയിലും പറയുന്നുണ്ട.്
(ശിവഗിരി തീര്‍ത്ഥാടനത്തോടനുബന്ധിച്ച് നടന്ന സംന്യാസി സമ്മേളനത്തില്‍ ജ്ഞാനയോഗത്തെ ആസ്പദമാക്കി നടത്തിയ പ്രഭാഷണം)