ഗൃഹസ്ഥാശ്രമം

ഡോ. ഗീതാ സുരാജ്

        ആചാര്യന്മാര്‍ ഉപദേശിച്ച എല്ലാ അറിവുകളെയും പഠിച്ചതിനു ശേഷം മാതാപിതാക്കന്മാരുടെയും ഗുരുവിന്‍റെയും അനുമതിയോടുകൂടി ശുദ്ധനായി ബ്രഹ്മചാരി ഗൃഹസ്ഥാശ്രമത്തില്‍ പ്രവേശിക്കണം എന്നാണ് ഗുരു ഉപദേശിക്കുന്നത്. ശ്രീനാരായണധര്‍മ്മത്തിലെ ഏഴും എട്ടും സര്‍ഗ്ഗങ്ങളിലാണ് ഗാര്‍ഹസ്ഥ്യധര്‍മ്മത്തെക്കുറിച്ച് ഗുരു പ്രതിപാദിക്കുന്നത്. ڇത്രിവര്‍ഗ്ഗ നിലയം സാക്ഷാത് മുക്തിദ്വാരമപാവൃതം" എന്നാണ് ഗുരുദേവന്‍ ഗൃഹസ്ഥാശ്രമത്തെ വിശേഷിപ്പിക്കുന്നത്. ധര്‍മ്മം, അര്‍ത്ഥം, കാമം എന്നീ പുരുഷാര്‍ത്ഥങ്ങള്‍ക്ക് ഇരിപ്പിടവും മോക്ഷത്തിലേക്കുള്ള വാതിലുമാണ് ഗാര്‍ഹസ്ഥ്യം. അതു മുഖ്യമായും ധര്‍ മ്മത്തിനും സന്താനത്തിനും വേണ്ടിയാണ്. ഗൃഹസ്ഥാശ്രമിയുടെ പരിപാലനത്താലാണ് ബ്രഹ്മചര്യവും സംന്യാസവും ശ്രേയസ്ക്കരമായി ഭവിക്കുന്നത്. രാജാധികാരവും, ധര്‍മ്മവും, ലോകത്തിന്‍റെ നിലനില്‍പ്പുതന്നെയും ഗൃഹസ്ഥാശ്രമിയായ പൗരനിലാണ് വര്‍ത്തിക്കുന്നത്. അതിനാല്‍ "സര്‍വ്വാധാരസ്ഥിതോ ഗൃഹീ"- എല്ലാവിധത്തിലും ആശ്രയമായിട്ടുള്ളതും ഗൃഹസ്ഥാശ്രമിയാണ്. അതിനാല്‍ ഗാര്‍ഹസ്ഥ്യം ഏറ്റവും ശ്രേഷ്ഠമാണ്. "അതഃ സര്‍വേഷ്വാ ശ്രമേഷു ഗാര്‍ഹസ്ഥ്യം തദനുത്തമം" എന്ന് ഗുരു ഗാര്‍ഹസ്ഥ്യത്തെ പ്രകീര്‍ത്തിക്കുന്നു.

        ഇപ്രകാരം നാല് ആശ്രമങ്ങളിലേക്കും വച്ച് ശ്രേഷ്ഠമാണ് ഗാര്‍ഹസ്ഥ്യം. എന്നുവച്ച് ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന എല്ലാവരും ശ്രേഷ്ഠരാണ് എന്നര്‍ത്ഥമില്ല. ഗൃസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കുന്ന ഒരാള്‍ക്ക് ഉണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ചും ഗുരു പറയുന്നുണ്ട്. എല്ലാ അറിവുകളും നേടിയ ശേഷമാകണം ഒരുവന്‍ ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കേണ്ടത്. അറിവില്ലാത്തവന് എന്തുണ്ടായിട്ടും ഫലമില്ല. സര്‍വ്വകലാശാലകളില്‍ പഠിച്ചുണ്ടാകുന്ന അറിവ് മാത്രം പോര. സദ്ഗ്രന്ഥങ്ങള്‍ വായിച്ചും മനനം ചെയ്തും ആത്മബോധം നേടിയവനാകണം. ഭക്തന് ഭഗവദ്ഗീതയില്‍ പറയുന്ന ലക്ഷണം തന്നെയാണ് ഗുരുദേവന്‍ ഗൃഹസ്ഥാശ്രമിക്കും കല്പിക്കുന്നത്. "പ്രണയഃ സര്‍വഭൂതേഷു കരുണാമസൃണാമതിഃ സമത്വം സര്‍വ്വ ഭാവേഷു ഭവേയുര്‍ ഗൃഹിണോ ഗുണഃ" എല്ലാ പ്രാണികളിലും ദയ, സമത്വം എന്നീ ഗുണങ്ങള്‍ ഗൃഹസ്ഥാശ്രമിക്ക് വേണം. ഗൃഹസ്ഥാശ്രമത്തില്‍ ഒരുവന്‍ ഉണ്ടാക്കുന്ന ധനം അവനുവേണ്ടി മാത്രം ആകരുത്. അത് ദാനത്തിനുവേണ്ടി കൂടിയാണ്. ഗൃഹസ്ഥാശ്രമി പാചകം ചെയ്യുന്നതും അവനു വേണ്ടി മാത്രമായിരിക്കരുത്. അതിഥി, അഗതി, ഭിക്ഷു എന്നിവര്‍ക്കുവേണ്ടി കൂടിയാകണം. ധീരനായ ഗൃഹസ്ഥാശ്രമി സ്വന്തം ധര്‍ മ്മത്തില്‍ നിന്നും യാതൊരു കാരണവശാലും വ്യതിചലിക്കാത്തവനാകണം. അത്തരത്തിലുള്ള ഗൃഹസ്ഥാശ്രമിയെ "സര്‍വ്വയതീനാം മുഖ്യഃ" എന്നാണ് ഗുരു വിശേഷിപ്പിക്കുന്നത്. അവന്‍ ദേവേന്ദ്രനു സമനാണ്. ശ്രേയസ്സിനെ യും പ്രേയസ്സിനെയും ഒരുപോ ലെ പ്രദാനം ചെയ്യുന്ന ഈ ധര്‍മ്മമാണ് ലോകത്ത് ഏറ്റവും ശ്രേ ഷ്ഠം.

     കേവലം വിനോദത്തിനും സുഖത്തിനുംവേണ്ടി മാത്രമുള്ള ഒരു കര്‍മ്മമാണ് വിവാഹം എന്ന് കരുതരുതെന്നും ഗുരു മുന്നറിയിപ്പ് നല്‍കുന്നു. അതുകൊണ്ട് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിശ്വാസത്തോടു കൂടി പരിപൂര്‍ണ്ണമായി തന്നെ അതിനെക്കുറിച്ച് ആലോചിക്കണം. മുന്നും പിന്നും നോക്കാതെ ദാമ്പത്യത്തിലേക്ക് എടുത്തു ചാടരുതെന്നര്‍ത്ഥം. അങ്ങനെ ചെയ്യുന്നവന്‍ ഗൃഹസ്ഥാശ്രമത്തെ അശ്രദ്ധയോടെ പാലിച്ച് നികൃഷ്ടമാക്കി ലോകാനര്‍ത്ഥത്തിന് കാരണക്കാരനായി തീ രുന്നു. ആലോചനയില്ലാതെ പ്രവര്‍ത്തിക്കുന്നവര്‍ എണ്ണത്തില്‍ കൂടുതലാകുമ്പോള്‍ എല്ലാ ആശ്രമധര്‍മ്മങ്ങളും നശിക്കുമെന്നും, ലോകത്തിനു തന്നെ നാശം സംഭവിക്കുമെന്നും ഗുരുദേവന്‍ പറയുന്നു.

     ഒരിക്കലും വിവാഹത്തിന് യോഗ്യതയില്ലാത്തവരും ഉണ്ട്. യാതൊന്നിലും വ്യവസ്ഥയില്ലാത്തവന്‍, ഭീരുവായിട്ടുള്ളവന്‍ ഇക്കൂട്ടര്‍ ഒരിക്കലും വിവാഹത്തിന് അര്‍ഹരല്ല. മനുഷ്യന് ഒരിക്കല്‍ മാത്രം ജനനവും ഒരിക്കല്‍ മാത്രം മരണവും എന്നാണ് വിധി. ജീവിതത്തില്‍ യാതൊരു ചിട്ടയുമില്ലാത്തവന്‍ പലവട്ടം ജനിക്കുന്നു. ഭീരു പലവട്ടം മരിക്കുന്നു. ഭീരുവായിട്ടുള്ളവന് ജീവിതത്തില്‍ ഒന്നും നേടാനാകില്ല. വ്യവസ്ഥയില്ലാത്തവനാകട്ടെ ജീവിതത്തെ തന്നെ ആകെ അലങ്കോലമാക്കും. ദാമ്പത്യത്തിലേയ്ക്ക് പ്രവേശിക്കുന്നവന്‍റെ മാനസികാവസ്ഥ വളരെ പ്രാധാ ന്യം അര്‍ഹിക്കുന്നു.

    ഇതുപോലെതന്നെ പ്രധാനമാണ്  ശാരീരികമായ  ആരോഗ്യം. സ മ്പത്തും ജാതക പൊരുത്തവും മാത്രം നോക്കി വിവാഹം നിശ്ചയിക്കുന്നവരാണ് നാം. ജാതകപൊരുത്തം നോക്കണമെന്ന് ഗുരു പറയുന്നതേയില്ല. പക്ഷേ സാമ്പത്തിക സ്ഥിതിയും ആരോഗ്യവും വിവാഹത്തിന്‍റെ പ്രധാന മാനദണ്ഡങ്ങളാണ്. ഗുരുവിന്‍റെ വീക്ഷണം എത്ര ശാസ്ത്രീയമായിരിക്കുന്നു എന്ന് നോ ക്കുക. കുഷ്ഠം, ക്ഷയം, കാസം, ഹൃ ദ്രോഗം, ദാരിദ്ര്യം മുതലായവയാല്‍ പീഡിതരായവര്‍ ഒരിക്കലും വിവാഹം കഴിക്കരുത്. മാറാരോഗങ്ങളും പകര്‍ച്ചവ്യാധികളും ഉള്ളവര്‍ വിവാഹബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ ആ ദാമ്പത്യം ദുരന്തത്തിലേ കലാശിക്കൂ. നിരപരാധിയായ പങ്കാളിയെ കൂടി അത് നശിപ്പി ക്കും. കുഷ്ഠവും ക്ഷയവും ഇന്ന് മാരക രോഗമല്ലാതായിട്ടുണ്ട്. പക്ഷെ എയിഡ് സ് പോലുള്ള മാറാരോഗങ്ങള്‍ ഉള്ളവര്‍ വിവാഹിതരായാല്‍ അടുത്ത സന്തതി പരമ്പരപോലും ദുരിതമനുഭവിക്കേണ്ടി വരും. ഇതുപോലെ തന്നെ ഒരു വ്യാധിയാണ് ദാരിദ്ര്യം. ദാരിദ്ര്യം അനുഭവിക്കുന്നവന് വിവാഹം കൂടുതല്‍ ദുരിതകാരിണിയായി തീരും. കുടുംബം പോറ്റാന്‍ തനിക്ക് കഴിവുണ്ടോ എന്ന് സ്വയം നിര്‍ണ്ണയിക്കണം. എന്നിട്ടേ ദാമ്പത്യത്തിലേക്ക് കടക്കാനുള്ള തീരുമാനത്തിലെ ത്താവൂ. വിവാഹത്തിന് മുമ്പ് വൈദ്യപരിശോധന ചെയ്തിരിക്കണം എന്ന് ഗുരു നിഷ്കര്‍ഷിക്കുന്നു. അനുരാഗം മാത്രം പോര നല്ല വൈവാഹിക ജീവിതത്തിന്, ആരോഗ്യവും വേണം. രണ്ടും തുല്യപ്രാധാന്യം അര്‍ഹിക്കുന്നു.  രോഗമില്ലാത്ത കുഞ്ഞുങ്ങള്‍ ജനിക്കാന്‍ ഇതാവശ്യമാണെന്നുകൂടി ഗുരു എടുത്തു പറയുന്നു. മേല്പറഞ്ഞ ഗുണങ്ങളും യോഗ്യതകളും തികഞ്ഞവന് ഗൃഹസ്ഥാശ്രമത്തിലേക്ക് പ്രവേശിക്കാം. പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലും ഗുരുവിന് വ്യക്തമായ നിര്‍ദ്ദേശമുണ്ട്. വധു നല്ല കുലത്തില്‍ ജനിച്ചവളാകണം. ധര്‍മ്മിഷ്ഠയാകണം. നല്ല ശീലമുള്ള വളും ഉത്തമ സ്ത്രീലക്ഷണങ്ങള്‍ ഉള്ളവളും പ്രസന്നയുമാകണം. മാത്രമല്ല ഗുരുവിനും മാതാവിനും പിതാവിനും ഇ ഷ്ടപ്പെട്ട കന്യകയെ വേണം വരിക്കാന്‍. ഗുരുവിന്‍റെയും മാതാവിന്‍റെയും പിതാവിന്‍റെയും അനുമതി കൂടാതെ വിവാ ഹം ചെയ്യുന്നവന്‍ ധര്‍മ്മത്തില്‍ നിന്ന് താഴ്ത്തപ്പെട്ടവനാകും എന്ന് ഗുരു താക്കീത് നല്കുന്നു. ജാതിയും മത വും പങ്കാളിയെ തിരഞ്ഞെടുക്കുന്നതില്‍ പ്രശ്നമല്ല. ദാമ്പത്യത്തിന്‍റെ ഉറച്ച ചങ്ങലയായി ഗുരു ചൂണ്ടിക്കാണിക്കുന്നത് വിദ്യ, വിത്തം, വയസ്സ്, രൂപം, ശീലം മുതലായവയില്‍ ഉള്ള പൊരുത്തമാണ്. ഈ പൊരുത്തങ്ങളില്ലെങ്കില്‍ മറ്റു പൊരുത്തങ്ങളെല്ലാം ഒത്താലും ദാമ്പത്യം പൊരുത്തക്കേടുകള്‍ നിറഞ്ഞതാകും.

         "വിദ്യാഭ്യാസത്തില്‍ സ്ത്രീകളെ പുറകോട്ട് തള്ളിവിടരുത്" എന്ന് ഗുരു പ്രത്യേകം പറഞ്ഞിട്ടുണ്ട്. സ്ത്രീക്ക് വിദ്യാഭ്യാസം കൂടിയേ തീരൂ. കുടുംബ ത്തെ സംസ്കരിച്ചെടുക്കാന്‍ വിദ്യാസമ്പന്നയായ സ്ത്രീ തന്നെ വേണം. വിദ്യാഭ്യാസമില്ലാത്ത സ്ത്രീയെ പൂര്‍ണ്ണമായി അംഗീകരിക്കാന്‍ വിദ്യാഭ്യാസമുള്ള പുരുഷന് സാധിക്കയില്ല. മറിച്ചും അങ്ങനെ തന്നെ. സമ്പത്തിലും രണ്ടു കുടുംബങ്ങളും സമാനമായിരിക്കണം. അഭിരുചികളിലും താല്പര്യങ്ങളിലും ദമ്പതികള്‍ തമ്മില്‍ പൊരുത്തമില്ലെങ്കില്‍ അതും പ്രശ്നമാണ്. സൗന്ദര്യവും വൈരൂപ്യവും തമ്മിലും പൊരുത്തപ്പെടില്ല. വയസ്സിലും വലിയ വ്യത്യാസമുണ്ടാകാന്‍ പാടില്ല.

     ദാമ്പത്യം പങ്കാളികള്‍ തമ്മിലുള്ള പൊരുത്തമാണ് എന്നറിഞ്ഞുകൊണ്ടു തന്നെ വളരെ പുരോഗമനചിന്തയോടെ 1909 ല്‍  എസ്.എന്‍.ഡി.പി. യോഗത്തിന് അയച്ച കത്തില്‍ വിവാഹം എ ന്ന ശീര്‍ഷകത്തില്‍ ഗുരു പറഞ്ഞിട്ടുള്ളത് വളരെ ശ്രദ്ധേയമാണ്. ഒരു നൂറ്റാ ണ്ടു മുമ്പാണ് ഗുരു ഈ അഭിപ്രായം പ്രകടിപ്പിച്ചതെന്ന് നാം പ്രത്യേകം ഓര്‍ക്കണം. "വിവാഹം നടത്തുന്നതിന് ഒരു മാസം മുമ്പായി വധുവിനെയും വരനെയും അവരുടെ മാതാപിതാക്കള്‍ പൊതുസ്ഥലത്ത് കൊണ്ടുവരേണ്ടതും ഭാവി ജീവിതം മുഴുവന്‍ ഒരുമിച്ച് കഴിയേണ്ടവരായ ദമ്പതികളെ തമ്മില്‍ കാണിക്കുകയും സം ഭാഷണത്തിന് സൗകര്യം കൊടുക്കുകയും ചെയ്യേണ്ടതാകുന്നു. പരസ്പരം സ്നേഹിച്ച് മനസ്സാ വിവാഹം നടത്തിയിട്ടുള്ളവരെ സംബന്ധിച്ച് ഈ കര്‍മ്മം നടത്തണമെന്നില്ല. വാക്കാല്‍ ആര്‍ക്കെങ്കിലും കൊടുക്കപ്പെട്ട പെണ്‍ കുട്ടിയെ അന്യനു കൊടുക്കരുത്. ആയത് ധര്‍മ്മഭംഗമാകയാല്‍ അത്തരം വിവാഹം ദുര്‍ഗതിയെ പ്രാപിക്കും."