79-ാമത് ശിവഗിരി തീര്‍ത്ഥാടനസന്ദേശം
സ്വാമി പ്രകാശാനന്ദ
നമുക്കിതില്‍പ്പരം ദൈവം നിനയ്ക്കിലുണ്ടോ'
മഹാകവി കുമാരനാശാന്‍റെ ഹൃദയകമലത്തില്‍ നിന്നും പുറപ്പെട്ട ഈ ഈരടികള്‍ കൊണ്ട് തീര്‍ത്ഥാടകമനസ്സുകള്‍ തിങ്ങിവിങ്ങുന്ന ശുഭദിനമാണിന്ന്. ശ്രീനാരായണഗുരുദേവന്‍റെ തിരുനാമബലത്താല്‍ എല്ലാ മനസ്സുകളെയും ഭേദങ്ങളകറ്റി ഒന്നാക്കിത്തീര്‍ക്കുന്ന അതിമഹത്തായൊരു ദിവ്യാന്തരീക്ഷമാണ് ശിവഗിരിയില്‍ നിറഞ്ഞുനില്‍ക്കുന്നത്. ഈ വിശുദ്ധഗിരിയിലേക്ക് പഞ്ചശുദ്ധീവ്രതരായി എത്തിച്ചേര്‍ന്നിരിക്കുന്ന എല്ലാ ശിവഗിരി തീര്‍ത്ഥാടകര്‍ക്കും ഗുരുദേവന്‍ വിഭാവനം ചെയ്ത തീര്‍ത്ഥാടനസങ്കല്പത്തിന്‍റെ അരുളും പൊരുളും വേണ്ടുംവണ്ണം അറിഞ്ഞ് പുതിയൊരു ജീവിതാവബോധത്തിലേക്ക് പ്രവേശിക്കുവാന്‍ കഴിയുമെന്ന് ഞാന്‍ പ്രത്യാശിക്കുകയാണ്. എന്തെന്നാല്‍ ശാസ്ത്രീയവും സമഗ്രവുമായ ജീവിതാവബോധമാണ് അഭിവൃദ്ധിയിലേക്കുള്ള മാര്‍ഗ്ഗങ്ങള്‍ സുഗമമാക്കിത്തരുന്നത്.
ലോകത്ത് അഭിവൃദ്ധി മാര്‍ഗ്ഗങ്ങള്‍ നിരവധിയുണ്ടെങ്കിലും അധികംപേരും അവയെ വേണ്ടവിധം പ്രയോജനപ്പെടുത്തുന്നില്ല എന്നത് ആശങ്കാജനകമാണ്. 'അറിയാനും അറിയിക്കാനും' എന്ന ഗുരുതത്ത്വത്തെ വിസ്മരിച്ച് 'വാദിക്കാനും ജയിക്കാനു' മുള്ള അഭിവാഞ്ഛ സമൂഹത്തില്‍ കൂടി വരുന്നതും ശുഭകരമല്ല. വാദിക്കുന്നത് പരാജയപ്പെടാതിരിക്കാനാണ് . ജയിക്കുന്നത് ഒരു വിഭാഗത്തെ പരാജയപ്പെടുത്താനാണ്. ഇതു രണ്ടും ആത്മവിരോധത്തിന്‍റെ മാര്‍ഗ്ഗങ്ങളാണ്. ആത്മവിരോധികളുടെ വര്‍ദ്ധനവും കടന്നുകയറ്റങ്ങളും അവരുടെ ഭൗതികാസക്തികളുമാണ് ഇന്നത്തെ ലോകത്തിനു പ്രതിസന്ധികളും വെല്ലുവിളികളും ഉയര്‍ത്തുന്നത്. ഒരു കാലത്ത് രാജ്യാന്തരമായിത്തന്നെ ജനങ്ങള്‍ അംഗീകരിക്കപ്പെട്ടിരുന്ന ഒരുപിടി നേതാക്കന്മാരുടെ ദാരുണമായ അന്ത്യങ്ങളും പലായനങ്ങളും ഈ ആത്മവിരോധത്തിന്‍റെ ഫലമായിട്ടുണ്ടായ ദുരന്തങ്ങളാണ്. ആത്മവിരോധം സക ലതിനെയും ഛിന്നഭിന്നമാക്കുമെന്നു മാത്രമല്ല അവനവനെത്തന്നെ നാശത്തിലേക്ക് നയിക്കുകയും ചെയ്യും.
ശാശ്വതമായ ശാന്തിയാണ് സര്‍വ്വമനുഷ്യരും ആഗ്രഹിക്കുന്നത്. ആത്മഹിതമായ കര്‍മ്മങ്ങളിലൂടെയാണ് ലോകശാന്തി കൈവരുന്നത്. ആത്മഹിതം ആത്യന്തികമായി ആത്മസുഖദായകമാണ്. ആത്മസുഖത്തിലേക്കുള്ള നേരാംവഴികള്‍ തെളിയുന്നതാകട്ടെ സനാതനമൂല്യങ്ങളിലടിയുറച്ച് ജീവിതത്തെ നയിക്കുമ്പോഴാണ്. ജീവിതഗന്ധികളായ ആധികാരിക പാഠങ്ങളാണ് ഗുരുദേവന്‍ ശിവഗിരി തീര്‍ത്ഥാടനലക്ഷ്യങ്ങളിലൂടെ മാനവരാശിക്കു നല്കിയിട്ടുള്ളത്.
വിദ്യയും ശുചിത്വവും ഭക്തിയും കൊണ്ട് ആത്മീയവും ലൗകികവും ഏകോപിക്കുമ്പോള്‍ ഭൗതികമായ അഭ്യുന്നതിയിലേക്കും ആദ്ധ്യാത്മികമായ നിഃശ്രേയസ്സത്തിലേക്കും മനുഷ്യനു പ്രവേശിക്കുവാനാകും. ഇതിലേക്കുള്ള മഹത്തായ ദാര്‍ശനിക നവോത്ഥാന കവാടമാണ് ശിവഗിരി തീര്‍ത്ഥാടനം. ഗുരുദര്‍ശനത്തിന്‍റെ ആധികാരികതയില്‍ ഇവിടെ നിന്നും ലഭിക്കുന്ന പുതിയ അറിവുകള്‍ കൊണ്ട് ഓരോ തീര്‍ത്ഥാടകനും സ്വയം സംസ്കരണം നടത്തുവാന്‍ തയ്യാറാകണം. ആത്മപരിശോധന ആത്മശുദ്ധീകരണത്തിനു വഴി തെളിക്കും. അപ്പോള്‍ ജീവിതത്തിലെ ഇരുട്ടുകള്‍ മാറി ആത്മപ്രകാശം പ്രവഹിക്കും. ആ പ്രകാശപ്രവാഹത്തില്‍ ജീവിതത്തെ പുനഃക്രമീകരിക്കുകയും നവീകരിക്കുകയും വേണം. അപ്പോള്‍ വിവേചനങ്ങളോ അശാന്തിയോ ഇല്ലാത്ത ഒരു നവലോകം യാഥാര്‍ത്ഥ്യമാകും. അങ്ങനെയൊരു ലോകത്തെയാണ് 'സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാന' മായി ഒന്നേകാല്‍ നൂറ്റാണ്ടിനു മുന്‍പ് ഗുരു വിഭാവനം ചെയ്തത്. ഗുരുദേവന്‍റെ അനുപമവും അമേയവുമായ ആ മഹാസങ്കല്പം യാഥാര്‍ത്ഥ്യമാക്കുകയെന്നതാണ് ഓരോ ശിവഗിരി തീര്‍ത്ഥാടകന്‍റെയും ധര്‍മ്മമായിരിക്കേണ്ടതെന്ന് ഈ സന്ദര്‍ഭത്തില്‍ ഗുരുദേവനാമത്തില്‍ ഓര്‍മ്മിപ്പിച്ചുകൊള്ളട്ടെ.
ഏവര്‍ക്കും ശിവഗിരി തീര്‍ത്ഥാടന-പുതുവത്സരാശംസകള്‍ നേരുന്നു.