പഠിക്കാനും  പഠിച്ചു വളരാനും

ഒ.എന്‍. വി. കുറുപ്പ്

    ആദ്യമായി ഞാന്‍ ഏത് വര്‍ഷമാണ് ശിവഗിരി തീര്‍ ത്ഥാടനസമ്മേളനത്തില്‍ പങ്കെടുത്തതെന്ന്  പെട്ടെന്ന് ഓര്‍മ്മ വരുന്നില്ല.

    സാഹിത്യത്തില്‍ എന്താണ് ശ്രീനാരായണഗുരുവിന്‍റെ പ്രാധാന്യം എന്ന് ചിലരെങ്കിലും  ചോദിക്കാം അല്ലെങ്കില്‍ സംശയിക്കാം. ശ്രീനാരായണഗുരു ഭാഷയെ സ്നേഹിച്ച ആളാണ്. ശരിയാണ്, അദ്ദേഹം ഒരു ഭാഷയെ അല്ല, സംസ്കൃതത്തേയും മലയാളത്തേയും തമിഴിനേയും വളരെയധികം സ്നേഹിച്ച ഒരു യോഗിയായിരുന്നു. ഈ ഭാഷകളില്‍ മൂന്നിലും ഗുരുവിന് വളരെയധികം സ്വാധീനവുമുണ്ടായിരുന്നു. പക്ഷേ ഈ മൂന്ന് ഭാഷകളിലും അദ്ദേഹത്തിന്‍റെ പാണ്ഡിത്യ അവഗാഹം, തന്‍റെ ആത്മാവിഷ്ക്കാരത്തിനുള്ള മാധ്യമം എന്ന നിലയ്ക്ക് ഈ ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിലുള്ള പ്രാവീണ്യം തുടങ്ങിയവ സ്വന്തം കൃതികളിലൂടെ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. അതില്‍ ചില കൃതികളിലെങ്കിലും, ഒരു ഉദാഹരണം പറഞ്ഞാല്‍ 'ദൈവദശകം' തന്നെ എടുക്കാം. എഴുത്തച്ഛനായാലും മേല്‍പ്പത്തൂരായാലും പൂന്താനമായാലും അവരോടൊപ്പം നില്‍ക്കുന്ന സാഹിതീയ ഭംഗിയും ദാര്‍ശനിക ദീപ്തിയും ഒത്തിണങ്ങിയ കൃതികള്‍ രചിച്ചിട്ടുള്ള ഒരു വലിയ യോഗിയാണ് ശ്രീനാരായണഗുരു.

ശ്രീനാരായണഗുരുവിനെ നാം എങ്ങനെ കാണുന്നു, വിലയിരുത്തു ന്നു?

   ഞാന്‍ കാണുന്നത് ഇന്ത്യയില്‍ സ്വാതന്ത്ര്യം കൈമോശംവന്ന 'പാരതന്ത്ര്യം നിനക്ക് വിധികല്പിതമാണ് തായേ' എന്ന് സ്വാതന്ത്ര്യസ്നേഹിയായ ഒരു കവിയെക്കൊണ്ട് നെഞ്ചുരുകി വിലപിപ്പിക്കത്തക്കതരത്തില്‍, നാം സ്വാതന്ത്ര്യത്തിന് അര്‍ഹത ഇനിയും നേടേണ്ടിയിരിക്കുന്നു എന്നൊരവസ്ഥയില്‍ സ്വാതന്ത്ര്യപൂര്‍വ്വമായിരിക്കുന്ന അവശ്യം ആവശ്യമായ സാമൂഹിക മായ ഒരുക്കങ്ങള്‍ ചെയ്ത ഒരു വലിയ മഹാനായിരുന്നു ശ്രീനാരായണഗുരു. മഹാത്മാഗാന്ധി എന്നു പറയുമ്പോള്‍ ഇന്ത്യന്‍ സ്വാതന്ത്ര്യം എന്നു പറയുമ്പോള്‍ രണ്ടും നാം ചേര്‍ത്തു വായിക്കുന്നു. അദ്ദേഹത്തെ രാഷ്ട്രപിതാവാ യി നാം ആദരിക്കുന്നു.  ഇന്ത്യന്‍ സ്വാത ന്ത്ര്യം എന്നു പറഞ്ഞാല്‍ തൊട്ടടുത്ത് ഒരു വ്യക്തിയുടെ പേര് പറയൂ എന്നു പറഞ്ഞാല്‍ മഹാത്മാഗാന്ധി എന്നു നമ്മള്‍ പറയും. ആ മഹാത്മാഗാന്ധി  വന്നു ശ്രീനാരായണഗുരുവിനെ കണ്ടതുപോലെ തന്നെ മഹാകവി രവീന്ദ്രനാഥ ടാഗോറും വന്നു കണ്ടിട്ടുണ്ട്.

    ശ്രീനാരായണഗുരു മഹാത്മജിയുടെ മുന്നില്‍ ഇരുന്നത് വളരെ ആത്മവിശ്വാസത്തോടും ഉറച്ച നിയുക്തതാബോധത്തോടും കൂടിയായിരുന്നു. ഗുരുവിന് പൂര്‍ണ്ണമായി  വിശ്വാസവും ഉണ്ടായിരുന്നു, ഗാന്ധിജി ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയ്ക്ക് അധികാരം പിടിച്ചു വാങ്ങിക്കുന്നതിനു വേണ്ടി  ശ്രമിക്കുന്ന ആളാണ് എന്ന് ആദരവോടു കൂടിയാണ് മഹാത്മജി ശ്രീനാരായണഗുരുവിനെ സന്ദര്‍ശിച്ചത്. പക്ഷേ  ഇതിന്  പൂരകവും സഹായകവുമായി  മറ്റു ചില  നിയോഗങ്ങള്‍  കൂടിയുണ്ട് എന്ന പൂര്‍ണ്ണമായ ബോധ്യമാണ് ശ്രീനാരായണഗുരുവിന് ഉണ്ടായിരുന്നത്. ഈ വിപ്ലവത്തിന്‍റെ, പരിവര്‍ത്തനത്തിന്‍റെ, സ്വാതന്ത്ര്യത്തിന്‍റെ രഥം ഓടണമെന്നുണ്ടെങ്കില്‍  സാമൂഹികമായി, സമൂഹത്തില്‍ ചില സമീകരണങ്ങള്‍ ആവശ്യമാണ്. ചില മാറ്റങ്ങള്‍  ആവശ്യമാണ്.

     പഠിക്കുവാനും പഠിച്ചു വളരുവാനും അകക്കണ്ണു തുറക്കുവാനും ഇന്ത്യന്‍  സമൂഹത്തില്‍ സ്വാതന്ത്ര്യത്തിന് അര്‍ഹതപ്പെടാന്‍ തക്ക തരത്തില്‍ ഒരു തറയൊരുക്കം ഉണ്ടാക്കാനും വേണ്ടി ശ്രമി ച്ചു എന്നുള്ളതാണ് ശ്രീനാരായണഗുരുവിന്‍റെ ഇന്ത്യന്‍  സ്വാതന്ത്ര്യ സമരചരിത്രത്തിലെ  പ്രസക്തി. ഗാന്ധിജി വേ റൊരു തരത്തില്‍ പ്രവര്‍ത്തിച്ചു. ശ്രീനാരായണഗുരു ഈ പറഞ്ഞ നിയുക്തതാബോധത്തോടുകൂടി പ്രവര്‍ത്തിച്ചു. ഗാര്‍ഹസ്ഥ്യവാദിയായി മാറിയെങ്കിലും കുമാരനാശാന്‍ ഈ നിയുക്തതാ ബോധം  അന്ത്യംവരെയും ചെറുകവിതകളിലൂടെ പാലിച്ചു  എന്നത്  നമുക്ക് കാണുവാന്‍ കഴിയും.

     എന്നും ഒരു സമകാലിക പ്രസക്തിയുളളവരാണ് ഗുരുദേവനെപ്പോലുള്ള മഹാന്മാര്‍ എന്നു മനസ്സിലാക്കണം. അതു കണ്ടെത്തുവാന്‍  നമുക്ക്  കഴിയണം, ഇല്ലെങ്കില്‍ നാം പരാജയപ്പെടുമെന്നര്‍ത്ഥം. അങ്ങനെ  പരാജയപ്പെടുന്ന  ചരിത്ര സന്ദര്‍ഭങ്ങളിലാണ് പുറ മേ നിന്ന് ചിലര്‍ ഇങ്ങോട്ടു കയറി വരുന്നത്. അപ്പോഴാണ്  ചങ്ങമ്പുഴ പണ്ട് ഒരു  നര്‍മ്മത്തോടുകൂടി പാടിയതുപോലെ, 'തെങ്ങുകള്‍ തലയാട്ടുന്നതുക ണ്ടാല്‍ വഴിയേ കപ്പലുകളില്‍ പോകുന്നവര്‍ക്കെല്ലാം ഇങ്ങോട്ടൊന്ന് കേറിയാലോ എന്നു തോന്നും. അവിടെ നിന്നു കൊച്ചീരാജാവിനെ പറ്റി അല്പം മോശമായി പറഞ്ഞാല്‍ സാമൂതിരിക്കു സന്തോഷം. അതു കഴിഞ്ഞ് കൊച്ചി രാജ്യത്ത് വന്ന് ഇയാളെപ്പറ്റി പറഞ്ഞാല്‍ കൊച്ചീരാജാവിന് സന്തോഷം.' എല്ലാവരും കൂടിചേര്‍ന്ന്, പുറമെ നിന്നു പോ യവരെയെല്ലാം തെങ്ങ് കൈ കാട്ടി വരൂ, വരൂ എന്ന് വിളിച്ചമാതിരി ഇവിടെ വന്നു കയറിയാല്‍ നമ്മുടെ സമസ്ത വും നമുക്ക് നഷ്ടപ്പെടേണ്ടതായിട്ട് വരും. അതിന് സമ്മതിക്കരുത്. അതിന് സമ്മതിക്കുമെങ്കില്‍ ഈ തറയൊരുക്കം നടത്തിയ ഗുരുവിന്‍റെ ആ നിയുക്തതാബോധം എ ന്തായിരുന്നു എന്ന് മനസ്സിലാക്കാനാവാ തെ വരും.

     നമ്മുടെ ഈ രാജ്യത്ത് ശ്രീനാരായണഗുരുവും കുമാരനാശാനും വ ള്ളത്തോളും, ഉള്ളൂരും എല്ലാവരും ഉള്‍പ്പെട്ട കവികളെല്ലാം ചേര്‍ന്ന് നമുക്കുണ്ടാക്കി ത ന്നിട്ടുള്ള ഒരു വലിയ പൈ തൃകമുണ്ട്. അതു നാം അറിഞ്ഞിരിക്കണം. അതറിയാതെ മുന്നോട്ട് പോ യാല്‍ തീര്‍ച്ചയായും വഴി തെറ്റിക്കപ്പെട്ടുവെന്നു വരാം.

     പണ്ട് വൈലോപ്പിള്ളി പറഞ്ഞതുപോലെ നമ്മുടെ കാലില്‍ ചെരിപ്പിടുകയല്ലാതെ നാം നടക്കുന്ന വഴിമുഴുവന്‍ തോലുപാകിയിട്ടു നടക്കാന്‍ പറ്റുകയില്ല എന്നതുകൊണ്ട് ഇതു ഓരോ എഴുത്തുകാരനും ഓരോ വായനക്കാരനും മനസ്സിലാക്കിയിരിക്കേണ്ടതാണ്. വായനക്കാരന്‍, അവന്‍റെ ഏകാന്തദീപ്തമായ വായനയുടെ മുഹൂര്‍ത്തത്തില്‍ ഇത് വിലയിരുത്താന്‍ കഴിയുന്നവനായിരിക്കണം.

     ശ്രീനാരായണഗുരുവിനെ, ഗുരുവി ന്‍റെ പ്രസക്തിയെ, കുമാരനാശാന്‍റെ പ്രസക്തിയെ, ഒരു മഹത്തായ വലിയ പ്രസ്ഥാനത്തെ മനസ്സിലാക്കി, പഠിച്ച് ഉള്‍ക്കൊണ്ട് വിലയിരുത്തി, സ്വന്തം സഞ്ചിതസംസ്ക്കാരത്തില്‍ സമന്വയിപ്പിക്കാനുള്ള ഒരു സന്ദര്‍ഭമാകട്ടെ ശിവഗിരി തീര്‍ത്ഥാടനം.