ശ്രീശിവശൈലമേ!
എസ്.കെ. പൊറ്റക്കാട്
ശിവഗിരിക്കുന്നും ഇവിടുത്തെ ആദ്ധ്യാത്മികപീഠവും എന്‍റെ സാഹിത്യരചനകളില്‍ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ബോംബെയില്‍ ക്ലാര്‍ക്കായിരുന്നപ്പോള്‍ വക്കം അബ്ദുള്‍ ഖാദറുമൊത്ത് ഞാന്‍ ശിവഗിരിയില്‍ വന്നു. അന്നു ഇവിടെ കണ്ട കാഴ്ചകള്‍ എന്നെ വികാരതരളിതനാക്കി. ആ അനുഭവത്തിന്‍റെ ചൂടില്‍ ഒരു കവിതയെഴുതി. അതു 'നവജീവനി'ല്‍ പ്രസിദ്ധീകരിച്ചു.
തിക്കും തിരക്കും കൊടുമ്പിരികൊള്ളുമീ-
യൂക്കന്‍ നഗരിയില്‍നിന്നുമിടയ്ക്കിടെ,
ഓര്‍ക്കുമാറുണ്ടു ഞാന്‍ പണ്ടു സന്ദര്‍ശിച്ച
"വര്‍ക്കലക്കുന്നി" നെയാനന്ദപൂര്‍വകം.
അന്തിച്ചുകപ്പണിഞ്ഞങ്ങനെ നില്‍ക്കുമാ-
ശാന്തിതന്‍ മണ്ഡലം ശ്രീ 'ശാരദാമഠം';
തൂമതന്‍ സ്വപ്നങ്ങള്‍ കണ്ടുറങ്ങീടുന്ന
സ്വാമിതൃപ്പാദസമാധിതന്‍ മണ്ഡപം;
മൃത്യുവെസ്വാഗതമോതിയിരുത്തിയോ-
രത്യന്തശാന്തമാം സ്വന്തംകിടപ്പറ;
ഭൂമിയിലമ്മഹാത്മാവു കൊളുത്തിയ
പ്രേമംകണക്കെരിഞ്ഞീടുമക്കൈത്തിരി;
വിസ്മയദ്യോതക വിജ്ഞാനമര്‍മ്മരം,
വിസ്മരിച്ചീടാത്ത വൃദ്ധനാമാല്‍മരം,
തിങ്ങിനില്‍ക്കുന്നിദാമോരോന്നു, മോരോന്നു-
മങ്ങനെത്തന്നെയെന്നന്തരംഗത്തിലായ്.
ചുറ്റിവളഞ്ഞവഴികള്‍ക്കരികിലായ്
മുറ്റിവളര്‍ന്ന പറങ്കിമാം കൂട്ടവും.
കുത്തനെ നില്‍ക്കുന്ന കുന്നിന്‍റെ പള്ളയും
കൂറ്റനാം തോടു, മിരുപാടുമങ്ങനെ
കോട്ടകെട്ടിക്കിടക്കുന്ന തരുക്കളും
കോട്ടുവായിട്ടു മരുവും തുരങ്കവും
പൊട്ടിവിതറും മലയുറവും, മര-
ച്ചോട്ടിലെ ശീതളച്ഛായാതലങ്ങളും
മറ്റു, മെന്നേകാന്ത ചിന്തകള്‍ക്കുണ്ണുവാ-
നൊട്ടല്ലവിടുത്തെയോമല്‍ സ്മരണകള്‍.
ആത്മസുഹൃത്തിനോടൊന്നിച്ചു കാഴ്ചകള്‍
കാണ്‍മാനതാതിടം ചുറ്റിനടന്നതും
മദ്ധ്യാഹ്നജിഹ്വകള്‍ പോലെയിക്കുന്നിലെ
മാമരച്ഛായകളുള്‍വലിഞ്ഞീടവേ,
തമ്മില്‍ കവിതകള്‍ ചൊല്ലിക്കുതൂഹലാല്‍
ഞങ്ങള്‍ മാഞ്ചോട്ടില്‍ മലര്‍ന്നു കിടന്നതും,
കാരുണ്യധാരപോല്‍ നിര്‍ഗ്ഗളിച്ചീടുന്ന
വാരിപ്രരോഹത്തില്‍നിന്നു കളിച്ചതും,
ഇന്നലെമാത്രം കഴിഞ്ഞപോലങ്ങനെ
മുന്നില്‍ തെളിഞ്ഞു ഞാന്‍ കാണുന്നതിപ്പോഴും.
ഉച്ചവെയിലാറിയ നേരത്തു കുന്നിന്‍റെ-
യുച്ചിയില്‍ പിന്നെയും കേറിനോക്കീടവേ,
ആഴിയും കായലും കുന്നിന്‍ നിരകളും
മായാത്ത ചിത്രങ്ങള്‍ ദൂരെ രചിക്കവേ
സ്വാന്തസംസ്പര്‍ശക ശാന്തിസംഗീതക-
തന്ത്രിയില്‍ ഞങ്ങള്‍ നിമഗ്നരായീടവേ,
ജീവിതത്തിന്നുമങ്ങേപ്പുറത്തെന്നൊരു
തോന്നലുണ്ടായിതു ഞങ്ങള്‍ക്കു തെല്ലിട.
പുത്തനായുള്ള നല്‍കാഴ്ചകളിനിയും
ചിത്തമുള്‍ക്കൊണ്ടു നിറഞ്ഞിടാമെങ്കിലും
സംഭവസമ്പൂര്‍ണ്ണസംവത്സരങ്ങളെന്‍
മുമ്പില്‍ഗ്ഗമിക്കിലും വിസ്മരിക്കില്ലതാന്‍
സ്വര്‍ഗ്ഗലാവണ്യത്തില്‍ മുക്കിയെടുത്തൊരു
വര്‍ക്കല ശ്രീശിവശൈലമേ! നിന്നെ ഞാന്‍.
വീണ്ടും ശിവഗിരിയില്‍ നില്ക്കുമ്പോള്‍ ഞാന്‍ ആത്മവിസ്മൃതനാവുന്നു.