സ്മരിക്കെ സ്മരിക്കെ കൈ കൂമ്പുന്നു
 
ജി. ശങ്കരക്കുറുപ്പ്
 
 
സ്മരിക്കെ, സ്മരിക്കെക്കൈയ്-
കൂമ്പുന്നു വിരിയുന്നു
കരള്‍- എന്നുള്ളിന്നുള്ളില്‍
മാധുര്യം നിറയുന്നു
കേവലമൊരര്‍ച്ചനാ-
പുഷ്പമായ്ത്തീരുന്നു ഹാ!
ജീവന്‍, ഞാനപ്പോളദ്വൈ-
താശ്രമത്തിലെത്തുന്നു
അമ്പതുകൊല്ലം മുമ്പു ഞങ്ങള്‍
തൂവെളിച്ചത്തെ
വെമ്പലോടന്വേഷിക്കും
കാട്ടുപൂക്കളെപ്പോലെ,
ഗുരുപാദര്‍തന്‍പാദം
തൊടുവാന്‍ കനിവാല്‍ത്ത-
ന്നരുളുമാശീര്‍വാദം
ശിരസ്സില്‍ ചൂടാന്‍ വേണ്ടി,
നടന്നു നടന്നെത്തി
പുണ്യമാം പെരിയാറ്റിന്‍
തടത്തില്‍- മഹാതീര്‍ത്ഥ
യാത്രയാണെന്‍ ജന്മത്തില്‍.
ചുമരിന്നകത്തുള്ള
പള്ളിക്കൂടത്തില്‍ ജ്ഞാനം
ചുമന്നു നടക്കുന്ന 
കാലമായിരുന്നല്ലോ.
കാലടി കടന്നുള്ളി-
ന്നാഴവും ജഗല്‍സേവാ-
ശീലവും വിസ്താരവു-
മേറിയ ചൂര്‍ണ്ണാനദി
ജ്ഞാനകര്‍മ്മമാര്‍ഗ്ഗങ്ങ
ളൊന്നിന്‍റെതന്നെ രണ്ട-
ന്യൂനവും വിമലവു-
മായ കൈവഴിയൊന്നായ്
ഉരിയാടീടും പോലെ
രണ്ടു ശാഖകളായി-
പിരിയുന്നിതാ നിത്യ
പാവനമാകും ദിക്കില്‍.
ജ്ഞാനദീപ്തമാം കര്‍മ്മ-
ശക്തിയെയുല്‍പ്പാദിപ്പി-
ച്ചാനദീതടമല-
ങ്കരിക്കും സിദ്ധാശ്രമം
ജീവിതത്തിനു ചൂടും
വെട്ടവും ചലനവും
ഭൂവിലര്‍ത്ഥവുമേകും
മാനവധര്‍മ്മാശ്രമം
ചെറുകുട്ടികളായ
ഞങ്ങള്‍ക്കും വാത്സല്യത്താല്‍
തുറന്നു, സ്നേഹം പോലെ
കുളിരും തണല്‍മുറ്റം! 
മുറ്റത്തു സമാധിശീ-
ലിപ്പൊരു പിലാവുണ്ടൊ-
രറ്റത്തു ജടപോലോ-
ട്ടനങ്ങും നിഴല്‍ചിന്നി
ഒരു പൈങ്കിളിയന-
ങ്ങാതിരിക്കുന്നു, മറ്റൊ-
ന്നരികെകൊക്കാല്‍ തൂവല്‍ 
കോതിക്കൊണ്ടിരിക്കുന്നു
ശാന്തിതന്‍ വിമൂകമാം 
വീണപോല്‍ത്തോന്നീടുന്ന
ശാലയില്‍, ഒരത്ഭുത-
ത്തിന്‍റെയന്തരീക്ഷത്തില്‍
ഇരുന്നു വരിയായി
ഞങ്ങള്‍, ഞങ്ങടെ മുന്‍പി-
ലരുളീ നവയുഗ-
സവിതാവാമാ യോഗി.
പൂവറിയുമോ പ്രഭാ-
തങ്ങളെ നിര്‍മ്മിച്ചീടും
ദേവന്‍റെ മഹാപ്രഭാ-
വത്തെ,യാ വാത്സല്യത്തെ?
മൂകരാം ചൈതന്യത്തെ-
ത്തന്‍ക്കരളിങ്കല്‍
പ്പകരാം , പ്രകാശത്തെ
നുകരാം നിറവോളം
തൊഴുകൈയില്‍ത്തന്‍ ചിത്ത-
മര്‍പ്പിക്കാം , ജീവല്‍ക്കാലം
മുഴുവന്‍ പവിത്രമാം
സ്മൃതിയാലാമോദിക്കാം.
ഒരു കാലത്തെത്തന്നെ
തൊട്ടുണര്‍ത്തിയ കയ്യാല്‍
ഗുരുപാദര്‍ ഞങ്ങള്‍ക്ക-
ന്നരുളീയാശീര്‍വ്വാദം
നല്ലതു ചിന്തിക്കുമ്പോള്‍
ചെയ്യുമ്പോള്‍ ഭാവാര്‍ദ്രമാം
വല്ലതും ഭാഷാസായൂ-
ജ്യത്തിലുജ്ജ്വലിക്കുമ്പോള്‍,
എന്‍കണ്ണിന്‍ മുന്‍പില്‍ കാണാ-
റുണ്ടു ഞാന്‍ ധര്‍മ്മത്തിന്‍റെ
ചെങ്കോലേന്തിയ രണ്ടാം
സുഗതന്‍റെയാതൃക്കൈ.
സ്മരിക്കെ സ്മരിക്കെക്കൈയ്
കൂമ്പുന്നു, വിരിയുന്നു
കരള്‍- എന്നുള്ളിന്നുള്ളില്‍
മാധുര്യം വഴിയുന്നു.