ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ അകപ്പൊരുള്‍

സ്വാമി ഋതംഭരാനന്ദ

ചോദ്യം: സ്വാമിജീ, ഒരുകാലത്ത് ജനങ്ങള്‍ അവരുടെ സംരക്ഷകരായി വിശ്വസിക്കപ്പെട്ടിരുന്ന പല ഭരണാധികാരികളും പില്ക്കാലത്ത് അവരുടെ ശത്രുക്കളായി തീര്‍ന്ന കാഴ്ചയാണു കാണുവാന്‍ സാധിക്കുന്നത്. ഹോസ്നി മുബാറക്,  കേണല്‍ ഗദ്ദാഫി തുടങ്ങി ആ നിര നീളുകയാണ്.  ഇങ്ങനെ ഒരാള്‍ തന്നെ രക്ഷകനും ശിക്ഷകനുമായി അനുഭവപ്പെടുന്ന അവസ്ഥ ഉണ്ടാകുന്നതിനു പിന്നിലുള്ള ദാര്‍ശനികവീക്ഷണം എന്താണ്?    ആഗോളതലത്തില്‍ കാണപ്പെടുന്ന ഇത്തരം അവസ്ഥകളെ ശിവഗിരിതീര്‍ത്ഥാടനം എങ്ങനെ നോക്കിക്കാണുന്നു?

ഉത്തരം: 

     ഇന്നത്തെ ലോകസ്ഥിതി കാണുമ്പോള്‍ ഈ ചോദ്യത്തിന് വലിയ പ്രസക്തിയും മാനവുമുണ്ട്. ഈജിപ്തിന്‍റെ  പ്രസിഡന്‍റായിരുന്ന ഹോസ്നിമുബാറക് ആ രാജ്യത്തെ ജനങ്ങള്‍ക്കു മാത്രമല്ല പുറം രാജ്യങ്ങളിലെ ജനങ്ങള്‍ക്കുപോലും ഒരു കാലത്ത് പ്രിയങ്കരനായിരുന്നയാളാണ്.  അതുപോലെ തന്നെ കേണല്‍ ഗദ്ദാഫി ലിബിയക്കാര്‍ക്കു മാത്രമല്ല ലോകത്തെ പല രാജ്യങ്ങളിലെ ജനങ്ങള്‍ക്കും ഒരു വീരപുരുഷനായിരുന്നു. ഇങ്ങനെ വീരപരിവേഷം ചാര്‍ത്തപ്പെട്ടിരുന്ന പല ലോകനേതാക്കള്‍ക്കും പില്ക്കാലത്ത് ദാരുണമായ അന്ത്യമാണുണ്ടായിട്ടുള്ളത്. ചരിത്രത്തിലും ഇതിനു സമാനമായ ഒട്ടേറെ സംഭവങ്ങളുണ്ട്. ഇതെല്ലാം ലോകത്തിന് നല്‍കുന്നത് ആത്മശുദ്ധിയില്ലായ്മ കൊണ്ടുണ്ടാകുന്ന ദുരിതങ്ങളുടെ പാഠങ്ങളാണ്.

 ആത്മശുദ്ധിയോടെ ജനങ്ങള്‍ക്ക് ഹിതകരമായി പ്രവര്‍ത്തിക്കുമ്പോഴും അവരുടെ ക്ഷേമകാര്യങ്ങളില്‍ അതീവതല്പരനായിരിക്കുമ്പോഴുമാണ് ഒരു ഭരണാധികാരി ജനങ്ങള്‍ക്ക് രക്ഷകനായി അനുഭവപ്പെടുന്നത്. പിന്നീട് ആത്മശുദ്ധി നഷ്ടപ്പെട്ട് ജനങ്ങളുടെ ഹിതം നോക്കാതെ സ്വന്തം ഹിതം നോക്കി പ്രവര്‍ത്തിക്കുകയും അധികാരബലം അതിനായി വിനിയോഗിക്കുകയും ചെയ്യുമ്പോള്‍  ജനങ്ങള്‍ക്ക് ആ ഭരണാധികാരിയിലുണ്ടായിരുന്ന വിശ്വാസവും രക്ഷകസ്ഥാനവും നഷ്ടമാകും. അതിന്‍റെ പരിണിതഫലമാണ് ഈജിപ്തിലും ലിബിയയിലുമൊക്കെ ഈയിടെ നമുക്ക് കാണുവാന്‍ കഴിഞ്ഞിട്ടുള്ളത്.

     ഏതൊരു മേഖലയിലായാലും അതു ഭരണരംഗമായാലും വ്യവസായരംഗമായാലും തൊഴില്‍രംഗമായാലും ശാസ്ത്രരംഗമായാലും ഏതുമാകട്ടെ സുനിശ്ചിതമായ വിജയമുണ്ടാകണമെങ്കില്‍ ആ രംഗങ്ങളിലുള്ള വൈദഗ്ദ്ധ്യം കൊണ്ടുമാത്രം  സാധിക്കുന്നതല്ല. വൈദഗ്ദ്ധ്യം എന്നത് സാങ്കേതികമായ ഒരു ഘടകം മാത്രമാണ്. അന്തിമമായി വേണ്ടത് ഭരണാധികാരിയായാലും വ്യവസായിയായാലും തൊഴിലാളിയായാലും ശാസ്ത്രജ്ഞനായാലും അദ്ധ്യാപകനായാലും ആരു തന്നെയായാലും ആത്മശുദ്ധി ഉണ്ടായിരിക്കുക എന്നതാണ്. ആത്മശുദ്ധിയുള്ളവനു മാത്രമേ മറ്റൊരു മനുഷ്യനെ തന്നെപ്പോലെതന്നെ സ്നേഹിക്കുവാനും സേവിക്കുവാനും കഴിയുകയുള്ളൂ. ഈ മാനുഷികതത്ത്വത്തിന്‍റെ ശാസ്ത്രവും പ്രായോഗികമാര്‍ഗ്ഗങ്ങളുമാണ് ഗുരുദേവന്‍റെ ജീവിതവും തത്ത്വസംഹിതകളും വെളിവാക്കിയിട്ടുള്ളത്.

മനുഷ്യനെ ദൈവത്തോടും മതത്തോടും അടുപ്പിക്കുവാന്‍ ശ്രമിച്ച 'ഗുരു'ക്കന്മാരുടെ സ്ഥാനമല്ല ഗുരുവിനുള്ളത്. മനുഷ്യനെ  മനുഷ്യനോടടുപ്പിച്ച മാനവികതയുടെ മഹാ പ്രവാചകനാണു ഗുരുദേവന്‍. 'ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്, മതമേതായാലും മനുഷ്യന്‍ നന്നായാല്‍ മതി , മനുഷ്യന്‍ ഒരു ജാതി അതാണു നമ്മുടെ മതം, അവനവനാത്മസുഖത്തിനാചരിക്കുന്നവ അപരന്നു സുഖത്തിനായ് വരേണം, പോരാട്ടങ്ങള്‍ കൊണ്ട് നാശമേ ഉണ്ടാവുകയുള്ളൂവെന്നു മനുഷ്യന്‍ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു' തുടങ്ങിയുള്ള ഗുരുവചനങ്ങളെല്ലാം മാനവികതയിലേക്കുള്ള പ്രവേശനകവാടങ്ങളാണ്. ഗുരുദേവന്‍ അരുളിചെയ്ത ഈ വിചാരമാര്‍ഗ്ഗങ്ങളുടെ പ്രായോഗികപദ്ധതിയാണ് ശിവഗിരിതീര്‍ത്ഥാടനത്തിന്‍റെ അകപ്പൊരുള്‍.

    യാതൊരു ഭേദചിന്തകളുമില്ലാത്തവിധം മനുഷ്യന്‍ മനുഷ്യനായിരിക്കുക, മനുഷ്യനെ മനുഷ്യനോട് അടുപ്പിക്കുക, ആത്മസഹോദരരാണെന്ന ബോധമുണ്ടാക്കുക, ആ ബോധത്തിന്‍റെ വെളിച്ചത്തില്‍ ജീവിതത്തെ അഭിമുഖീകരിക്കുക, ജീവിതത്തിന്‍റെ സമസ്തതലങ്ങളിലും അഭ്യുന്നതി പ്രാപിക്കുക, അതിനുവേണ്ടുന്ന അറിവ് സമ്പാദിക്കുക, അതു പ്രയോഗത്തില്‍ വരുത്തുക. അതിലൂടെ തനിക്കും നാടിനും രാജ്യത്തിനും ലോകത്തിനു തന്നെയും അഭിവൃദ്ധിയുണ്ടാക്കുക. ഇതെല്ലാമാണ് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ അകവും പുറവും തിങ്ങിനില്ക്കുന്ന ഗുരുവരുള്‍. ഇതിന്‍റെ സാഫല്യതയിലാണു രക്ഷകനും ശിക്ഷകനുമെന്ന വേര്‍തിരിവില്ലാത്ത യഥാര്‍ത്ഥമനുഷ്യന്‍റെ രൂപപ്പെടല്‍. ഈ രൂപപ്പെടലിലേക്കുള്ള നിയതവും ശാസ്ത്രീയവുമായി വഴികാണിക്കുന്ന അറിവിന്‍റെ തീര്‍ത്ഥാടനമാണ് ശിവഗിരി തീര്‍ത്ഥാടനം. 

എല്ലാവര്‍ക്കും ശാന്തിയും സന്തോഷവും പ്രദാനം ചെയ്യുന്ന ഒരു പുതുവര്‍ഷം ആശംസിക്കുന്നു.