നാമരഹിതനായ ദൈവം

          ദൈവം നാമരഹിതനായതിന്‍റെ പൊരുള്‍ ലോകഗുരുവായ എക്ഖര്‍ട്ട് ഇങ്ങനെ വിവരിക്കുന്നു. 'ഉണ്മയുടെ പാര്യന്തിക ബിന്ദു മറഞ്ഞിരിക്കുന്ന ദൈവികതയെക്കുറിച്ചുള്ള അജ്ഞതയുടെ അന്ധകാരമാണ്. അതിന്മേലാണ് ഈ പ്രകാശം തെളിയുന്നത്; അതിനെ മനസ്സിലാക്കാന്‍ ഈ അന്ധകാരത്തിനു കഴിഞ്ഞില്ല. അതുകൊണ്ട് മോശ എന്നെ അയച്ചവന്‍ എന്നു പറഞ്ഞു. അവന് ഒരു പേരില്ല; അവന്‍ ഒരു പേര് സ്വീകരിച്ചുമില്ല. ദൈവത്തിന്‍റേയും ആത്മാവിന്‍റേയും ഇടം ഒന്നു തന്നെയാണ്. അവിടെയാണ് ദൈവം മറഞ്ഞിരിക്കുന്നത്. തേടുംതോറും നിന്നെ കണ്ടെത്താന്‍ കഴിയാതെയാകുന്നു. അതുകൊണ്ട് ഒരിക്കലും കണ്ടുപിടിക്കാന്‍ കഴിയുകയില്ല എന്ന നിലയില്‍ വേണം അവനെ അന്വേഷിക്കാന്‍. തേടാതിരുന്നാല്‍ അവനെ കണ്ടെത്തും.

          എക്ഖര്‍ട്ട് മിസ്റ്റിക്കാണ്. മിസ്റ്റിക്കുകളുടെ ഭാഷയ്ക്ക് ഗൂഢോക്തിയുടേയും വിരുദ്ധോക്തിയുടേയുമൊക്കെ സ്വഭാവം വരാം. ലൗകികമായ അനുഭവങ്ങള്‍ പ്രകാശിപ്പിക്കാന്‍ വേണ്ടി ഓരോ സംസ്കാരത്തിന്‍റേയും ജനജീവിതശീലങ്ങളുടേയും ചട്ടക്കൂട്ടില്‍ വളര്‍ന്നു വന്നതാണ് ഭാഷ. ആ ഭാഷയില്‍ വേണം സ്ഥലകാലരാശികളുടെ പരിമിതികളില്ലാത്ത സത്യം ആവിഷ്കരിക്കാന്‍. ലൗകികാനുഭവങ്ങള്‍ തന്നെ ആവിഷ്കാരത്തിനിടയില്‍ വളരെയേറെ ചോര്‍ന്നു പോകുന്നു. അപ്പോള്‍ പിന്നെ അലൗകിക ദര്‍ശനങ്ങളുടെ കാര്യം പറയാനുണ്ടോ? അതാണ് ഇവിടുത്തെ പ്രശ്നം. സ്ഥലകാലസന്ധിയില്‍ അരങ്ങേറുന്ന ചരിത്രത്തില്‍ ദൈവത്തെ അറിയുന്ന നമ്മള്‍ ഉണ്മയെയല്ല അതിന്‍റെ നിഴലിനെയാണ് അറിയുന്നത്. ദൈവത്തെ കണ്ടുപോകുമോയെന്നു പേടിച്ച് മുഖംമറച്ച മോശ മരുപ്രയാണത്തിന്‍റെ പൊള്ളുന്ന അനുഭവങ്ങള്‍ക്കിടയില്‍ ശീതള സാന്ത്വനമായി അനുഭവിച്ച ദൈവത്തെ നേരില്‍ കാണാന്‍ ആഗ്രഹിച്ചു. പക്ഷേ കഴിഞ്ഞില്ല. ദൈവം കടന്നുപോയതിനുശേഷം തിരിഞ്ഞു നോക്കി. അവിടുത്തെ പിന്‍ഭാഗമാണ് കണ്ടത്. വര്‍ത്തമാന അനുഭവങ്ങളില്‍ ദൈവത്തെ കാണുന്നവര്‍ വിരളം. എന്നാല്‍, ജീവിതത്തില്‍ തിരിഞ്ഞു നോക്കുമ്പോള്‍ നടന്ന വഴികളില്‍ ഇടറിയപ്പോഴെല്ലാം കൈപിടിക്കാന്‍ കൂടെ ഒരാളുണ്ടായിരുന്നു എന്ന് തിരിച്ചറിഞ്ഞവരുടെ എണ്ണം വലുതാണ്. എല്ലായ്പ്പോഴും ഇങ്ങനെ തന്നെ ആയിരിക്കണമെന്ന് നിര്‍ബന്ധമില്ല. എങ്ങനെ വെളിപ്പെടണമെന്ന് ദൈവത്തിനു വഴി പറഞ്ഞുകൊടുക്കാന്‍ നമ്മള്‍ ആരാണ്?

          ഞാന്‍ ഞാന്‍ എന്ന പേരല്ലാത്ത പേര് പൂര്‍ണ്ണാനുഭവം അനുവദിക്കാത്ത, അസാധ്യമായ,ദൈവസ്വഭാവത്തെയാണ് സൂചിപ്പിക്കുന്നത്. ദൈവം ആ പേര്‍ പറഞ്ഞപ്പോള്‍ അതുപോര എന്നു മോശ പറഞ്ഞില്ല. മോശയ്ക്കു പൂര്‍ണ്ണ തൃപ്തിയായി. യാതൊരു സംശയവും മോശയില്‍ അവശേഷിക്കുന്നതായി, സംശയത്തിന്‍റെ ഒരു പാടെങ്കിലും ബാക്കി നില്‍ക്കുന്നതായി നാം വായിക്കുന്നില്ല. എങ്ങനെ സംശയമുണ്ടാകും.മറ്റാര്‍ക്കും ലഭിക്കാത്തത്ര മൂര്‍ത്തമായ ദൈവാനുഭവമാണ് മോശയ്ക്ക് ലഭിച്ചിരിക്കുന്നത്. മനുഷ്യന് തന്‍റെ പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ലഭിക്കാവുന്നതില്‍ വച്ച് ഏറ്റവും പൂര്‍ണ്ണമായ ദൈവാനുഭവമായിരുന്നു അത്. സമ്പൂര്‍ണ്ണമായിരുന്നില്ല ആ അനുഭവം; സമ്പൂര്‍ണ്ണമാകാനും നിര്‍വ്വാഹമില്ല. കാരണം, മനുഷ്യന് സമ്പൂര്‍ണ്ണത ലഭിക്കാവുന്നതാണ് ദൈവാനുഭവമെങ്കില്‍ മാനുഷികപരിമിതികളാല്‍ ദൈവവും സീമാതീതനായിപോകും. സീമാതീതനായ ദൈവം ദൈവശാസ്ത്രപരമായി മാത്രമല്ല, യുക്തിവാദപരമായും അസംബന്ധമാണ്.

          എന്നാല്‍, ഭാഷാശാസ്ത്രവിചിന്തനത്തില്‍ " ഞാന്‍ ഞാന്‍ തന്നെ, ഞാനാകുന്നവന്‍ ഞാനാകുന്നു" എന്ന പ്രയോഗത്തില്‍ എന്താണ് അര്‍ത്ഥം? സംശയച്ഛേദിയായ ദൈവാനുഭവത്തിന്‍റെ നിറവില്‍ നില്‍ക്കുന്ന മോശ സംശയമേതുമില്ലാതെ അതു സ്വീകരിച്ചെങ്കിലും ദൈവം എന്തിനാണ് പ്രത്യക്ഷത്തില്‍ അര്‍ത്ഥമില്ലാത്ത ഒരു പേര് തനിക്കായി തിരഞ്ഞെടുത്തത്?


          ഒരു പേര്‍ പറയുകയും വേണം അതു തന്‍റെ നിസ്സീമിതസത്തയുടെ നിഷേധം ആവുകയും അരുത്. അങ്ങനെയാണ് ഈ സമവാക്യം ഉണ്ടായത്. ദൈവം ആപേക്ഷിക സത്തയല്ല, കേവലസത്തയാണ്; ഉണ്മയുടെ പൂര്‍ണ്ണതയാണ്. ദൈവം നല്ലവനല്ല, നന്മയാണ്. പ്രകാശിക്കുന്നവനല്ല, പ്രകാശമാണ്. സ്നേഹിക്കുന്നവനല്ല, സ്നേഹം തന്നെയാണ്. നമ്മുടെ അറിവിന്‍റേയും അനുഭവത്തിന്‍റേയും പരിധിക്കുള്ളില്‍ പ്രകാശത്തിന്‍റെ ഒരു കിരണവും കാരുണ്യത്തിന്‍റെ ഒരു തുള്ളിയുമേയുള്ളൂ. വെളിച്ചത്തിലേക്കു നോക്കാന്‍ നമുക്ക് കഴിയുകയില്ല. വെളിച്ചത്തിന്‍റെ പൂര്‍ണ്ണത നമുക്ക് അന്ധകാരമാണ്. 


ആകാശങ്ങളെയഖണ്ഡരാശിക-
ളൊടും ഭക്ഷിക്കുമാകാശമാ-
യീ കാണുന്ന സഹസ്രരശ്മി-
യെയിരുട്ടാക്കും പ്രഭാസാരമായ്
ശോകാശങ്കയെഴാത്ത
ശുദ്ധസുഖവും
ദുഃഖീകരിക്കുന്നതാ-
മേകാന്താദ്വയ ശാന്തി ഭൂവിനു
നമസ്കാരം , നമസ്കാരമേ


എന്ന് കുമാരനാശാന്‍ പ്രരോദനത്തിന്‍റെ സമാപനശ്ലോകം കുറിച്ചപ്പോള്‍ അഖണ്ഡവും ശുദ്ധവും ഏകവും ആയ ഈ സത്താകൈവല്യത്തെയാണ് മര്‍ത്യഭാഷയില്‍ സാക്ഷാത്കരിക്കാന്‍ വെമ്പല്‍ കൊണ്ടത്. ആപേക്ഷികമായ അനുഭവത്തെ ആപേക്ഷികമായ ഭാഷ കൊണ്ട് വ്യവഹരിച്ചു ശീലിച്ച നമ്മള്‍ കേവലസത്യത്തിന്‍റെ ഭാഗികദര്‍ശനത്താല്‍ തന്നെ അമ്പരന്നു പോകുന്നു . പ്രതീകാത്മകതയുടെ  ഗൂഢഭാഷയും വിരുദ്ധോക്തിയുടെ പ്രത്യക്ഷ നിരര്‍ത്ഥകതയും നമ്മുടെ സഹായത്തിനെത്തുന്നത് ഇവിടെയാണ്. കാഴ്ച കണ്ടവന് മിണ്ടാതിരിക്കുകയും വയ്യ; മിണ്ടാന്‍ പറ്റിയ ഒരു ഭാഷ ഇണങ്ങിക്കിട്ടിയതുമില്ല


' ഇന്നു ഭാഷയതപൂര്‍ണ്ണമിങ്ങഹോ
വന്നുപോം പിഴയുമര്‍ത്ഥശങ്കയാല്‍'

          ആശാന്‍ വിചാരപ്പെടുന്നത് പൂര്‍ണ്ണാര്‍ത്ഥത്തില്‍ ശരിയാകുന്നത് ഇവിടെയാണ്. മോശ വിക്കനായതിനും പ്രതീകാത്മകമായ ഒരര്‍ത്ഥമുണ്ടാകുമോ?

       ഞാന്‍, ഞാന്‍ തന്നെ എന്ന പ്രജ്ഞാനഘനമായ ശുദ്ധസത്താത്മകതയ്ക്ക്, കേവലമായ ഉണ്മയ്ക്ക് നേര്‍ വിപരീതമായ ഒരവസ്ഥ മനുഷ്യന്‍ സങ്കല്‍പ്പിച്ചിട്ടുണ്ട്. വില്യം ഷേ ക്സ്പിയര്‍ തന്‍റെ "ഒഥല്ലോ" നാടകത്തില്‍ ഇയാഗോവിനെ കൊണ്ട് പറയിക്കുന്നു ക മാ ിീേ ംവമേ ക മാ. എന്നാല്‍ ദൈവം  ക മാ ംവമേ ക മാ ആണ്. ഇയാഗോ തമസ്സാണ്, കലര്‍പ്പില്ലാത്ത തിന്മയാണ്, കാരണം വേണ്ടാത്ത ദ്വേഷമാണ്; ശരിയായ ചെകുത്താന്‍, പാതാളത്തിന്‍റെ സന്തതി!

          ഇതാ രണ്ടു സമവാക്യങ്ങള്‍ നമുക്ക് ലഭിച്ചിരിക്കുന്നു. മനുഷ്യന്‍റെ സ്ഥാനം ഇതില്‍ എവിടെയാണ്? അതായത് സൂര്യന്മാര്‍ ഒരുമിച്ച് ഉദിച്ചാലെന്നപോലെ വെളിച്ചം തിക്കിത്തിരക്കുന്ന സ്വര്‍ഗ്ഗത്തിലോ ശൂന്യാന്ധകാരസാന്ദ്രമായ പാതാളഗര്‍ത്തത്തിലോ? രണ്ടിടത്തുമില്ല. തമഃ പ്രകാശ ശബള ശ്രീയൊത്ത മദ്ധ്യോര്‍വ്വിയിലാണ് മനുഷ്യന്‍ ജീവിക്കുന്നത്. അവന്‍ ഉണ്മയുടെ നിറമല്ല, സ്വാതന്ത്ര്യത്തിന്‍റെ പൂര്‍ണ്ണതയല്ല എന്ന് എലിയറ്റിന്‍റെ ഗായകസംഘം പാടുന്നത് എത്ര അര്‍ത്ഥഗര്‍ഭമായിട്ടാണ്. അര്‍ത്ഥമുള്ള ജീവിതം നയിക്കുന്ന മനുഷ്യന്‍ വെളിച്ചത്തിന് അഭിമുഖമായി നടക്കുന്നു; പാതി ജീവനും വാരി പിടിച്ച് മുഴുവന്‍റെ അഭയനഗരത്തിലേക്കു ഓടുന്നു. ചിലര്‍ ആ ഓട്ടത്തില്‍ ഇടറി വീഴു ന്നു; ചിലര്‍ തിരിഞ്ഞുനോക്കി ഉപ്പുതൂണായി പോകുന്നു; വേറെ ചിലര്‍ മുന്നോട്ടാണെന്നു വിചാരിച്ച് പിന്നോക്കം ഓടുന്നു.

          മനുഷ്യനായിരിക്കേ, മനുഷ്യജീവിതത്തിന്‍റെ എല്ലാ വേദനകള്‍ക്കും വേവലാതികള്‍ക്കും ഇരയായിരിക്കെത്തന്നെ, ഉണ്മയുടെ നിറവനുഭവിക്കാന്‍ കഴിഞ്ഞവന്‍- ഞാന്‍ ഞാന്‍ തന്നെ എന്നു പറയാന്‍ കഴിയുന്നവന്‍- ഒരുവനേയുള്ളൂ. 'എന്നെ കണ്ടവന്‍ പിതാവിനെ കണ്ടിരിക്കുന്നു' എന്ന് പറയാന്‍ അവനു മാത്രം അവകാശമുണ്ട്. പക്ഷേ ഓടത്തണ്ടുപോലെ ഉലയുന്ന ഈ മര്‍ത്യശരീരവുമായി ജീവിക്കുന്ന ഏതൊരാള്‍ക്കും ഈ വെളിച്ചത്തെ പ്രാപിക്കാന്‍ ഒരു വഴിയുണ്ടെന്ന് അവന്‍ പറഞ്ഞു; ഞാന്‍ വഴിയും സത്യവും ജീവനുമാകുന്നു. മഹാപുരോഹിതന്‍റെ ധൃഷ്ടമൗഢ്യത്തിനും റോമാസാമ്രാജ്യത്തിന്‍റെ കഴുമരത്തിനും ഭ്രാന്തുപിടിച്ച ആള്‍ക്കൂട്ടത്തിന്‍റെ അട്ടഹാസത്തിനും ഉലയ്ക്കാന്‍ കഴിയാത്ത അഖണ്ഡദിവ്യസത്യത്തിന്‍റെ പൂര്‍ണ്ണപ്രകാശമായി അവന്‍ ജീവിച്ചു. ആ ജീവിതശൈലി സത്യത്തിലേക്കും ജീവനിലേക്കുമുള്ള വഴിയാണെന്നും അവന്‍ പറഞ്ഞു.