Sivagiri

ഗുരുദേവന്‍റെ ഏകലോക ദര്‍ശനം ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണം - സച്ചിദാനന്ദ സ്വാമി

മനുഷ്യരാശിയെ മുഴുവന്‍ ഒന്നായി കണ്ടുകൊണ്ടുള്ള ശ്രീനാരായണഗുരുദേ വന്‍റെ ഏകലോക ദര്‍ശനം ഐക്യരാഷ്ട്രസഭയില്‍ മുഴങ്ങണം എന്ന് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു. മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പണികഴിപ്പിച്ച വിശ്വഗുരു ഓഡിറ്റോറിയത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു സ്വാമികള്‍. ഐക്യരാഷ്ട്രസഭയില്‍ ഗുരുദര്‍ശനം എത്തിക്കുന്നതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ച കഴിഞ്ഞിട്ടുണ്ട്. ഗുരുദേവന്‍ 1888 ല്‍ ഇന്ത്യയുടെ തെക്കേയറ്റമായ അരുവിപ്പുറത്ത് നിന്നും ഏകലോക ദര്‍ശനം മുഴക്കുമ്പോള്‍ അന്നത് ഏറ്റുപറയുവാന്‍ അധികം പേരുണ്ടായിരുന്നില്ല. വിവേകാനന്ദ സ്വാമികള്‍ ചിക്കാഗോയില്‍ വെച്ച് അമേരിക്കയിലെ എന്‍റെ സഹോദരീസഹോദരന്മാരെ എന്ന് സംബോധന ചെയ്യുന്നത് അരുവിപ്പുറം സന്ദേശം കഴിഞ്ഞ് പിന്നെയും 50 വര്‍ഷം കഴിഞ്ഞാണ്. "മനുഷ്യരെല്ലാം ഒന്ന്" അതാണ് നമ്മുടെ മതം എന്ന് ഗുരുദേവന്‍ ഉപദേശിച്ചു. ജാതിമതവര്‍ണ്ണവര്‍ഗ്ഗ ഭേദമെന്യേ എല്ലാവരും ഒന്നായി കഴിയുന്ന ആ ഏകലോകം നാളത്തെ ലോകദര്‍ശനമാണ് അതുകൊണ്ടാണ് ഗുരുദേവനെ ഭാവി ലോകത്തിന്‍റെ പ്രവാചകനെന്നു വിളിക്കുന്നത് എന്ന് സച്ചിദാനന്ദ സ്വാമികള്‍ പറഞ്ഞു.

നാസിക് ശ്രീനാരായണഗുരുദേവ ട്രസ്റ്റ് പ്രസിഡന്‍റ് അശോക് വാസവിന്‍റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ശിവഗിരി മഠത്തിലെ ബോധിതീര്‍ത്ഥ സ്വാമികള്‍ അനുഗ്രഹ പ്രഭാക്ഷണം നടത്തി. നാസിക് എം.എല്‍.എ. ദേവയാനി പാരണ്ടെ ഹിമഗിരി അയ്യര്‍ (മേയര്‍) വിലാസ് ഷിൻഡേ

(ഡെപ്യൂട്ടി മേയര്‍) സന്ധ്യ കുല്‍ക്കര്‍ണി, എന്‍.എസ്. സലിംകുമാര്‍, അഡ്വക്കേറ്റ് വി.കെ. അഹമ്മദ്‌ ( മുന്‍ ജനറല്‍ സെക്രട്ടറി, മുംബൈ ശ്രീനാരായണമന്ദിരസമിതി), കെ.ആര്‍.എസ്. ധരന്‍ (അഹമ്മദാബാദ് ശ്രീനാരായണ കള്‍ച്ചറല്‍ മിഷന്‍) തുടങ്ങിയവര്‍ പ്രസംഗിച്ചു. പ്രസിഡന്‍റ് അശോക് വാസവ്, വൈസ് പ്രസിഡന്‍റ് അശോകന്‍, ജനറല്‍ സെക്രട്ടറി കുമാര്‍ സദാനന്ദന്‍, ട്രഷറര്‍ ഉത്തമന്‍ പരമു എന്നിവര്‍ ചടങ്ങുകൾക്ക് നേതൃത്വം നല്‍കി