തിരുക്കുറള്‍ കടവുള്‍ വാഴ്ത്തു (ദൈവസ്തുതി)   1    അകാരമാമെഴുത്താദിയാകുമെല്ലായെഴുത്തിനും     ലോകത്തിന്നേകനാമാദിഭഗവാനാദിയായിടും. 2    സത്യമാമറിവാര്‍ന്നുള്ള ശുദ്ധരൂപന്‍റെ സത്പദം     തൊഴായ്കില്‍ വിദ്യകൊണ്ടെന്തിങ്ങുളവാകും പ്രയോജനം? 3    മനമാം മലരേ വെല്ലുന്നവന്‍റെ വലുതാം പദം     തൊഴുന്നവര്‍ സുഖം നീണാള്‍ മുഴുവന്‍ വാഴുമൂഴിയില്‍.   4    ആശിക്കുക വെറുത്തീടുകെന്നതില്ലാത്തവന്‍റെ കാല്‍     അണഞ്ഞീടിലവര്‍ക്കേതുമല്ലലില്ലൊരു കാലവും. 5    ഈശന്‍റെ വലുതാം കീര്‍ത്തി വാഴ്ത്തുന്നവരിലെന്നുമേ     ഇരുളാലണയും രണ്ടു വിനയും വന്നണഞ്ഞിടാ. 6    വാതിലഞ്ചും വെന്നവന്‍റെ നീതിയും നേരുമായിടും-     വഴിയില്‍ പറ്റി നിന്നീടില്‍ വാഴുന്നു നെടുനാളവന്‍. 7    ഉപമിപ്പാനൊന്നുമില്ലാതവന്‍റെ ചരണങ്ങളില്‍     ചേര്‍ന്നവര്‍ക്കെന്നിയരുതിച്ചേതോദുഃഖമകറ്റുവാന്‍. 8    ധര്‍മ്മസാഗരപാദത്തില്‍ ചേര്‍ന്നണഞ്ഞവരെന്നിയേ     കര്‍മ്മക്കടലില്‍നിന്നങ്ങു കരേറുന്നില്ലൊരുത്തരും. 9    ഗുണമെട്ടുള്ള തന്‍പാദം പണിയാ മൗലിയേതുമേ      ഗുണമില്ലാത്തതും ജ്ഞാനഗുണഹീനാക്ഷമെന്നപോല്‍. 10   ഈശന്‍പദത്തില്‍ ചേരായ്കില്‍ കടക്കുന്നില്ല, ചേര്‍ന്നിടില്‍       കടന്നീടുന്നു ജനനപ്പെരുങ്കടലില്‍ നിന്നവര്‍.   വാന്‍ചിറപ്പ് (വര്‍ഷവര്‍ണ്ണനം) 1    മഴകാരണമായ് ലോകമഴിയാതെ വരുന്നിതു     അതിനാലതു പാരിന്നൊരമൃതെന്നുണരേണ്ടതാം. 2    ഉണ്ണുന്നവര്‍ക്കിങ്ങുണ്ണേണ്ടുമൂണുണ്ടാക്കിയവര്‍ക്കിതു     ഉണ്ണുമ്പോഴങ്ങതില്‍ ചേര്‍ന്നൂണായതും മഴയായിടും. 3    ആഴി ചൂഴുന്ന വലുതാമൂഴിയില്‍ പാരമായ് പശി     മഴ പെയ്യാതെയായീടില്‍ ഒഴിയാതഴല്‍ ചേര്‍ത്തിടും. 4    മഴയാമൊരു സമ്പത്തിന്‍ സമൃദ്ധി കുറവായിടില്‍     കൃഷി ചെയ്യാതെയാമിങ്ങു കൃഷീവലരൊരുത്തരും. 5    കൊടുക്കുന്നതുമീവണ്ണം കെട്ടവര്‍ക്കു സഹായമായ്     എടുത്തീടുന്നതും നിന്നതൊക്കെയും മഴയായിടും. 6    വിണ്ണില്‍ നിന്നു മഴത്തുള്ളി വീഴലില്ലായ്കിലെങ്ങുമേ     ഒരു പച്ചപ്പുല്ലുപോലും കാണ്മാനരുതു കണ്ണിനാല്‍. 7    നെടും കടലിനും മേന്മ കുറയും കൊണ്ടല്‍ നീരിനെ     എടുത്തു തന്നില്‍ നിന്നങ്ങു കൊടുത്തീടായ്കില്‍ മാരിയെ. 8    മഴപെയ്യാതെയായീടില്‍ വാനവര്‍ക്കും മനുഷ്യരാല്‍     മഖവും പൂജയും മന്നില്‍ നിന്നു ചെല്ലാതെയായിടും. 9    പേരാര്‍ന്നൊരീ പ്രപഞ്ചത്തില്‍ മാരി പെയ്യാതെയായിടില്‍     ദാനം തപസ്സു രണ്ടിന്നും സ്ഥാനമില്ലാതെയായിടും 10   നീരില്ലായ്കില്‍ പാരിലേതും കാര്യമാര്‍ക്കും നടന്നിടാ     മാരിയില്ലായ്കിലപ്പോഴാ നീരുമില്ലാതെയായിടും.   നീത്താര്‍പെരുമ (സംന്യാസിമഹിമ)     വഴിയേ സംന്യസിച്ചുള്ള മഹിമാവിങ്ങുയര്‍ന്നതായ്     നിന്നീടുന്നിതു ശാസ്ത്രത്തില്‍ നിര്‍ണ്ണയം സ്പൃഹണീയമാം. 2    സംന്യാസിമഹിമാവിന്നു സന്നിഭം ചൊല്കിലുര്‍വിയില്‍     ഒന്നില്ലാതാകെ മൃതരെയെണ്ണീടുന്നതിനൊപ്പമാം. 3    ബന്ധമോക്ഷങ്ങളില്‍ ഭേദം കണ്ടിങ്ങു കഠിനവ്രതം     പൂണ്ടവര്‍ക്കുള്ള മഹിമ ഭൂവിലേറ്റമുയര്‍ന്നതാം. 4    വലുതാം വാനില്‍ വാഴ്വോര്‍ക്കു തലയാമിന്ദ്രനൂഴിയില്‍     ജിതേന്ദ്രിയന്‍റെ ശക്തിക്കു മതിയാമൊരു സാക്ഷിയാം. 5    അറിവാമങ്കുശത്താലഞ്ചറിവാം വാരണങ്ങളെ     തളച്ചവന്‍ മോക്ഷഭൂവില്‍ മുളയ്ക്കുമൊരു ബീജമാം. 6    കഴിയാത്തതു ചെയ്തീടും മഹാന്മാ,രല്പരായവര്‍     ചെയ്കയില്ലൊരു കാലത്തും ചെയ്തീടാന്‍ കഴിയാത്തത്. 7    ശബ്ദം സ്പര്‍ശം രൂപരസം ഘ്രാണമഞ്ചിന്‍ വിഭാഗവും     അറിയുന്നവനില്‍ത്തന്നെ പെരുതാം ലോകമൊക്കെയും. 8    പരിപൂര്‍ണ്ണവയസ്സുള്ള നരനില്‍ ഗരിമാവിനെ     അവരന്നരുളിച്ചെയ്ത മറയിങ്ങറിയിച്ചിടും. 9    ഗുണമാം കുന്നേറിയങ്ങു നില്ക്കുന്ന മുനിമാരുടെ     കോപം ക്ഷണികമെന്നാലും ഭൂവില്‍ ദുര്‍വാരമാമത്. 10   സര്‍വ്വപ്രാണിയിലും തുല്യ കൃപ പൂണ്ടു നടക്കയാല്‍     അന്തണന്മാരെന്നു ചൊല്ലേണ്ടതു സന്ന്യാസിമാരെയാം.   ഭാര്യാധര്‍മ്മം (ഗൃഹണീത്വം) 1    വസതിക്കൊത്ത ഗുണമുള്ളവളായ്, വരവില്‍ സമം     വ്യയവും ചെയ്യുകില്‍ തന്‍റെ വാഴ്ചയ്ക്കു തുണയാമവള്‍. 2    ഗുണം കുടുംബിനിക്കില്ലാതാകി,ലെല്ലാമിരിക്കിലും     ഗുണമില്ല കുടുംബത്തിനി,ല്ലാതാകും കുടുംബവും. 3    ഗുണം കുടുംബിനിക്കുണ്ടായീടിലെന്തി,ല്ലവള്‍ക്കതു     ഇല്ലാതെയാകിലെന്തുണ്ട,ങ്ങൊന്നുമില്ലാതെയായിടും. 4    ചാരിത്ര്യശുദ്ധിയാകുന്ന ഗുണത്തോടൊത്തു ചേര്‍ന്നിടില്‍     ഗൃഹനായികയെക്കാളും വലുതെന്തു ലഭിച്ചിടാന്‍? 5    ദൈവത്തിനെത്തൊഴാതാത്മനാഥനെത്തൊഴുതെന്നുമേ     എഴുന്നേല്‍പ്പവള്‍, പെയ്യെന്നു ചൊല്ലീടില്‍ മഴ പെയ്തിടും. 6    തന്നെ രക്ഷിച്ചു തന്‍ പ്രാണനാഥനെപ്പേണി, പേരിനെ     സൂക്ഷിച്ചു ചോര്‍ച്ചയില്ലാതെ വാണീടിലവള്‍ നാരിയാം. 7    അന്തഃപുരത്തില്‍ കാത്തീടിലെന്തുള്ളതവരെ സ്വയം     നാരിമാര്‍ കാക്കണം സ്വാത്മചാരിത്ര്യംകൊണ്ടതുത്തമം. 8    നാരിമാര്‍ക്കിങ്ങുതന്‍ പ്രാണനാഥപൂജ ലഭിക്കുകില്‍     ദേവലോകത്തിലും മേലാം ശ്രേയസ്സൊക്കെ ലഭിച്ചിടാം. 9    പേരു രക്ഷിക്കുന്ന നല്ല നാരിയില്ലാതെയായിടില്‍     പാരിടത്തില്‍ സിംഹയാനം ഗൗരവം തന്നില്‍ വന്നിടാ. 10   നാരീഗുണം ഗൃഹത്തിന്നു ഭൂരിമംഗളമായത്     സാരനാം പുത്രനതിനു നേരായൊരു വിഭൂഷണം.