ഈശാവാസ്യോപനിഷത് 1    ഈശന്‍ ജഗത്തിലെല്ലാമാ-     വസിക്കുന്നതുകൊണ്ടു നീ     ചരിക്ക മുക്തനായാശി-     ക്കരുതാരുടെയും ധനം.   2    അല്ലെങ്കിലന്ത്യം വരെയും     കര്‍മ്മം ചെയ്തിങ്ങസങ്ഗനായ്     ഇരിക്കുകയിതല്ലാതി-     ല്ലൊന്നും നരനു ചെയ്തിടാന്‍.   3    ആസുരം ലോകമൊന്നുണ്ട്     കൂരിരുട്ടാലതാവൃതം     മോഹമാര്‍ന്നാത്മഹന്താക്കള്‍     പോകുന്നൂ മൃതരായതില്‍.   4    ഇളകാതേകമായേറ്റം     ജിതമാനസവേഗമായ്     മുന്നിലാമതിലെത്താതെ     നിന്നുപോയിന്ദ്രിയാവലി.   5    അതു നില്ക്കുന്നു പോകുന്നി-     തോടുമന്യത്തിനപ്പുറം     അതിന്‍ പ്രാണസ്പന്ദനത്തി-     ന്നധീനം സര്‍വകര്‍മ്മവും.   6    അതുലോലമതലോല-     മതു ദൂരമതന്തികം     അതു സര്‍വ്വാന്തരമതു     സര്‍വത്തിനും പുറത്തുമാം.   7    സര്‍വഭൂതവുമാത്മാവി-     ലാത്മാവിനെയുമങ്ങനെ     സര്‍വഭൂതത്തിലും കാണു-     മവനെന്തുള്ളു നിന്ദ്യമായ്?   8    തന്നില്‍ നിന്നന്യമല്ലാതെ-     യെന്നു കാണുന്നു സര്‍വവും     അന്നേതു മോഹമന്നേതു     ശോകമേകത്വദൃക്കിന്?   9    പങ്കമറ്റംഗമില്ലാതെ     പരിപാവനമായ് സദാ     മനസ്സിന്‍മനമായ് തന്നില്‍     തനിയേ പ്രോല്ലസിച്ചിടും.   10   അറിവാല്‍ നിറവാര്‍ന്നെല്ലാ-     മറിയും പരദൈവതം     പകുത്തു വെവ്വേറായ് നല്കീ     മുന്‍പോലീ വിശ്വമൊക്കെയും.   11   അവിദ്യയെയുപാസിക്കു-     ന്നവരന്ധതമസ്സിലും     പോകുന്നു വിദ്യാരതര-     ങ്ങതേക്കാള്‍ കൂരിരുട്ടിലും.   12   അവിദ്യകൊണ്ടുള്ളതന്യം     വിദ്യകൊണ്ടുള്ളതന്യമാം     എന്നു കേള്‍ക്കുന്നിതോതുന്ന     പണ്ഡിതന്മാരില്‍നിന്നു നാം.   13   വിദ്യാവിദ്യകള്‍ രണ്ടും ക-     ണ്ടറിഞ്ഞവരവിദ്യയാല്‍     മൃത്യുവെത്തരണം ചെയ്തു     വിദ്യയാലമൃതാര്‍ന്നിടും.   14   അസംഭൂതിയെയാരാധി-     പ്പവരന്ധതമസ്സിലും     പോകുന്നു സംഭൂതിരത-     രതേക്കാള്‍ കൂരിരുട്ടിലും.   15   സംഭൂതികൊണ്ടുള്ളതന്യ-     മസംഭൂതിജമന്യമാം     എന്നു കേള്‍ക്കുന്നിതോതുന്ന     പണ്ഡിതന്മാരില്‍നിന്നു നാം.   16   വിനാശംകൊണ്ടു മൃതിയെ-     ക്കടന്നമൃതമാം പദം     സംഭൂതികൊണ്ടു സംപ്രാപി-     ക്കുന്നു രണ്ടുമറിഞ്ഞവര്‍.   17   മൂടപ്പെടുന്നു പൊന്‍പാത്രം-     കൊണ്ടു സത്യമതിന്‍ മുഖം     തുറക്കുകതു നീ പൂഷന്‍!     സത്യധര്‍മ്മന്നു കാണുവാന്‍.   18   പിറന്നാദിയില്‍ നിന്നേക-     നായി വന്നിങ്ങു സൃഷ്ടിയും     സ്ഥിതിയും നാശവും ചെയ്യും     സൂര്യ! മാറ്റുക രശ്മിയെ.   19   അടക്കുകിങ്ങു കാണ്‍മാനായ്     നിന്‍ കല്യാണകളേബരം     കണ്ടുകൂടാത്തതായ് കണ്ണു-     കൊണ്ടു കാണപ്പെടുന്നതായ്.   20   നിന്നില്‍ നില്ക്കുന്ന പുരുഷാ-     കൃതിയേതാണതാണു ഞാന്‍;     പ്രാണന്‍ പോമന്തരാത്മാവില്‍;     പിന്‍പു നീറാകുമീയുടല്‍.   21   ഓമെന്നു നീ സ്മരിക്കാത്മന്‍!     കൃതം സര്‍വം സ്മരിക്കുക     അഗ്നേ! ഗതിക്കായ് വിടുക     സന്മാര്‍ഗ്ഗത്തൂടെ ഞങ്ങളെ.   22   ചെയ്യും കര്‍മ്മങ്ങളെല്ലാവു-     മറിഞ്ഞീടുന്ന ദേവ! നീ     വഞ്ചനം ചെയ്യുമേനസ്സു     ഞങ്ങളില്‍ നിന്നു മാറ്റുക.       അങ്ങേയ്ക്കു ഞങ്ങള്‍ ചെയ്യുന്നു     നമോവാകം മഹത്തരം.