മണ്ണന്തലദേവീസ്തവം
1 മണിക്കുട വിടുര്‍ത്തി മലര്‍ തൂവി മണമെല്ലാം
ഘൃണിക്കപചിതിക്രിയ കഴിച്ചു ഘൃണിയാക്കി,
ഗുണിച്ചവകളൊക്കെയുമൊഴിഞ്ഞു ഗുണിയും പോയ്
ഗുണക്കടല്‍ കടന്നുവരുവാനരുള്‍ക തായേ!
2 തിങ്കളും ത്രിദശഗംഗയും തിരുമുടി-
ക്കണിഞ്ഞു തെളിയുന്ന നല്‍-
ത്തിങ്കള്‍നേര്‍മുഖി, ദിഗംബരന്‍റെ തിരു-
മെയ് പകുത്ത ശിവമേനിയേ,
നിങ്കഴല്‍ക്കമലമെന്‍ കരുത്തില്‍ നില-
നിര്‍ത്തി നിത്യവുമഹന്ത വ-
ന്നങ്കുരിച്ചറിവഴിഞ്ഞുപോയ് വിഫല-
മായ് വരാതരുളുകംബികേ!
3 പ്രഭാരൂപയാം നിന്‍ പ്രകാരം നിനച്ചാല്‍
പ്രഭാരം കെടും ഹൃത്പ്രസാദാലെവര്‍ക്കും;
പ്രസാദിക്കുമെല്ലാവനും ത്വത്പ്രസാദാല്‍
പ്രയാസം സമസ്തം പ്രയാതീവ ദൂരം.
4 സാധിക്കും സകലം സമസ്തഭുവന-
ങ്ങള്‍ക്കും ഹിതം നല്കി നീ
ചേതസ്സിങ്കലിരിക്കകൊണ്ടു ജനനീ,
ചൈതന്യമായെപ്പൊഴും
ബോധിപ്പിപ്പതശേഷമംബുധിയില്‍ വ-
ന്നേറിക്കലര്‍ന്നീടുമ-
സ്രോതസ്സെന്ന കണക്കു നിന്നടിയില്‍ വ-
ന്നേറുന്നു മാറുന്നിതേ.
5 ദക്ഷപുത്രി, ദനുജാന്തകി, ത്വദനുസാ-
രിവാരിയിലഴുന്തിടാ-
തക്ഷമൊക്കെയുമടക്കി വാഴ്വതിനനു-
ഗ്രഹിക്ക പരദൈവമേ,
കുക്ഷിബാധ വലുതായതീവ്യഥ ജയി-
പ്പതിന്നു പണിയുണ്ടു നിന്‍-
കുക്ഷിതന്നിലിളകാതെ വാണു ദിവസം
കഴിക്കുകിലസംശയം.
6 പമ്പരത്തൊടു പകച്ചിടും ഭ്രമണ-
വേഗമുള്ള മതിയോടു വ-
ന്നംബരത്തിലണയുന്നതിന്നിവന-
ശക്തനെന്നു കരുതീടു നീ
അന്‍പിരന്നടികള്‍ വാഴ്ത്തി നില്ക്കുമഗ-
തിക്കു സദ്ഗതി വരുത്തിടും
നിന്‍പദത്തൊടു ലയിപ്പതിന്നു നിയ-
തം വരം തരുക മങ്ഗലേ!
7 ചക്ഷുരാദികള്‍ ചതിച്ചിടും ചതിയില്‍
വീണിടും ചതുരനെങ്കിലും
പക്ഷമില്ല ഭവതിക്കവന്‍ പ്രതി ഭ-
വച്ചരിത്രപരനെങ്കിലോ
തത്ക്ഷണം സകലവും ഭവിച്ചു സത-
തം സുഖിച്ചു മരുവീടുമീ-
പക്ഷമൊക്കെയുമറിഞ്ഞിടുന്ന പര-
ദൈവതം ഭവതിയല്ലയോ?
8 കങ്കമാദികളശിച്ചിടുന്നൊരശ-
നം കളേബരമിതല്ലയോ
വന്‍കലാവതി വലിച്ചിടുന്നിതു മ-
തിപ്രസാദമരുളീടു നീ
തിങ്കള്‍മൗലി തിരുമെയ്തലോടിയിട-
ചേര്‍ന്നു നിത്യവുമിരിക്കുമെന്‍-
തങ്കമേ, സകല സങ്കടങ്ങളുമ-
റുന്നതിന്നു തരണം വരം.
9 മണ്ണന്തലേ മരുവുമീശ്വരിതന്നെ മന്നി-
ലന്വര്‍ത്ഥസംജ്ഞയെ വഹിച്ചരുളുന്നു ചിത്രം
മന്നില്‍ സമസ്തവുമടങ്ങുമതിനുമേല്‍ നി-
ന്നെണ്ണിക്കഴിക്കുമൊരു ദൈവതമല്ലയോ നീ!