ദൈവദശകം
1 ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികന്‍ നീ ഭവാബ്ധിക്കൊ-
രാവിവന്‍തോണി നിന്‍പദം.
2 ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം.
3 അന്നവസ്ത്രാദി മുട്ടാതെ
തന്നുരക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.
4 ആഴിയും തിരയും കാറ്റു-
മാഴവും പോലെ ഞങ്ങളും
മായയും നിന്‍മഹിമയും
നീയുമെന്നുള്ളിലാകണം.
5 നീയല്ലോ സൃഷ്ടിയും സ്രഷ്ടാ-
വായതും സൃഷ്ടിജാലവും
നീയല്ലോ ദൈവമേ! സൃഷ്ടി-
ക്കുള്ള സാമഗ്രിയായതും.
6 നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയേ നീക്കി-
സ്സായുജ്യം നല്‍കുമാര്യനും.
7 നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതുംമൊഴിയുമോര്‍ക്കില്‍ നീ.
8 അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍പദം
പുകഴ്ത്തുന്നൂ ഞങ്ങളങ്ങു
ഭഗവാനേ! ജയിക്കുക.
9 ജയിക്കുക മഹാദേവ!
ദീനാവനപരായണ!
ജയിക്കുക ചിദാനന്ദ!
ദയാസിന്ധോ! ജയിക്കുക.
10 ആഴമേറും നിന്‍മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.