അറിവ്   1    അറിയപ്പെടുമിതു വേറ-     ല്ലറിവായിടും തിരഞ്ഞിടും നേരം;     അറിവിതിലൊന്നായതുകൊ-     ണ്ടറിവല്ലാതെങ്ങുമില്ല വേറൊന്നും.   2    അറിവില്ലെന്നാലില്ലീ-     യറിയപ്പെടുമെന്നതുണ്ടിതെന്നാലും,     അറിവൊന്നില്ലെന്നാലീ-     യറിവേതറിവിന്നതില്ലറിഞ്ഞീടാം.   3    അറിവിന്നളവില്ലാതേ-     തറിയാമറിവായതും വിളങ്ങുന്നു;     അറിവിലെഴുന്ന കിനാവി-     ങ്ങറിവായീടുന്നവണ്ണമങ്ങെല്ലാം.   4    അറിവിനു നിറവുണ്ടെന്നാ-     ലറിവല്ലാതുള്ളതെങ്ങിരുന്നീടും?       അറിവേതെന്നിങ്ങതു പോ-     യറിയുന്നങ്ങെന്നിതെങ്ങിരുന്നീടും?   5    അറിവിലിരുന്നു കെടുന്നീ-     ലറിവാമെന്നാലിതെങ്ങിറങ്ങീടും?     അറിവിനെയറിയുന്നീലി-     ങ്ങറിയും നേരത്തു രണ്ടുമൊന്നായി.   6    അറിയും മുന്‍പേതെന്നാ-     ലറിവില്ലാതൊന്നുമിങ്ങിരിപ്പീല;     അറിവറ്റതിനേതതിരു-     ണ്ടറിവെന്നാലൊന്നുമിങ്ങു കാണ്‍മീല.   7    അറിയുന്നുണ്ടില്ലെന്നി-     ങ്ങറിയുന്നീലേതിലേതെഴുന്നിടും?     അറിയപ്പെടുമെങ്കിലുമ-     ല്ലറിവല്ലെന്നിങ്ങു നമ്മെ നോക്കീടില്‍.   8    അറിവെന്നന്നേയിതുമു-     ണ്ടറിവുണ്ടെന്നാലിതെങ്ങു നിന്നീടും?     അറിവൊന്നെണ്ണം വേറി-     ല്ലറിവല്ലാതെങ്കിലെന്തിരിക്കുന്നു?   9    അറിവിന്നിടമൊന്നുണ്ടി-     ല്ലറിയപ്പെടുമെന്നതിന്നു വേറായി,     അറിവെന്നാലങ്ങേതീ-     യറിയപ്പെടുമെന്നതേറുമെണ്ണീടില്‍?   10   അറിയുന്നീലന്നൊന്നീ-     യറിയപ്പെടുമെന്നതുണ്ടു പോയീടും;     അറിവിലിതേതറിയുന്നീ-     ലറിവെന്നാലെങ്ങുനിന്നു വന്നീടും?   11   അറിവിന്നറിവായ് നിന്നേ-     തറിയിക്കുന്നിങ്ങു നാമതായീടും;     അറിവേതിനമെങ്ങനെയീ-     യറിയപ്പെടുമെന്നതേതിതോതീടില്‍?   12   അറിവെന്നതു നീയതു നി-     ന്നറിവിട്ടറിയപ്പെടുന്നതെന്നായി,     അറിയപ്പെടുമിതു രണ്ടൊ-     ന്നറിയുന്നുണ്ടെന്നുമൊന്നതില്ലെന്നും.   13   അറിവുമതിന്‍വണ്ണം ചെ-     ന്നറിയുന്നവനില്‍ പകര്‍ന്നു പിന്നീടും     അറിയപ്പെടുമിതിലൊന്നീ-     യറിവിന്‍ പൊരി വീണു ചീന്തിയഞ്ചായി.   14   അറിയുന്നവനെന്നറിയാ-     മറിവെന്നറിയുന്നവന്നുമെന്നാകില്‍     അറിവൊന്നറിയുന്നവനൊ-     ന്നറിയുന്നതിലാറിതെട്ടുമായീടും.   15   അറിയപ്പെടുമിതിനൊത്തീ-     യറിവേഴൊന്നിങ്ങു താനുമെട്ടായി     അറിവിങ്ങനെ വെവ്വേറാ-     യറിയപ്പെടുമെന്നതും വിടുര്‍ത്തീടില്‍.