അദ്വൈതദീപിക
1
പേരായിരം പ്രതിഭയായിരമിങ്ങവറ്റി-
ലാരാലെഴുംവിഷയമായിരമാം പ്രപഞ്ചം,
ഓരായ്കില്‍ നേരിതു കിനാവുണരുംവരെയ്ക്കും
നേരാമുണര്‍ന്നളവുണര്‍ന്നവനാമശേഷം.
2
നേരല്ല ദൃശ്യമിതു ദൃക്കിനെ നീക്കിനോക്കില്‍
വേറല്ല വിശ്വമറിവാംമരുവില്‍ പ്രവാഹം;
കാര്യത്തില്‍ നില്പതിഹ കാരണസത്തയെന്ന്യേ
വേറല്ല വീചിയിലിരിപ്പതു വാരിയത്രേ.
3
വാസസ്സു തന്തുവിതു പഞ്ഞിയിതാദിമൂല-
ഭൂതപ്രഘാതമിതുമോര്‍ക്കുകിലിപ്രകാരം
ബോധത്തില്‍നിന്നു വിലസുന്നു മരുസ്ഥലത്തു
പാഥസ്സുപോലെ; പരമാവധി ബോധമത്രേ.
4
വൃത്തിസ്ഥമാമറിവില്‍ വിശ്വവുമില്ലിതിന്‍റെ
വിത്താമവിദ്യയതുമില്ല വിളക്കുവന്നാല്‍
അദ്ദിക്കിലെങ്ങുമിരുളില്ലുടനങ്ങു വര്‍ത്തി-
വിട്ടാല്‍ വിളക്കു പൊലിയുന്നിരുളും വരുന്നു.
5
ആരായ്കിലീയുലകമില്ലിതവിദ്യ തത്ത്വ-
മോരാതവര്‍ക്കിതുലകായ് വിലസും ഭ്രമത്താല്‍
ആരാല്‍ വിളക്കെരികിലില്ല പിശാചിതന്ധ-
കാരം ഭയന്നവനിരുട്ടു പിശാചുപോലാം.
6
ഉണ്ടില്ലയെന്നു മുറമാറിയസത്തുസത്തു
രണ്ടും പ്രതീതമിതനാദിതമഃസ്വഭാവം
രണ്ടും തിരഞ്ഞിടുകിലില്ലയസത്തു രജ്ജു-
ഖണ്ഡത്തിലില്ലുരഗമുള്ളതു രജ്ജുമാത്രം.
7
അസ്ത്യസ്തിയെന്നു സകലോപരി നില്പതൊന്നേ
സത്യം സമസ്തവുമനിത്യമസത്യമാകും,
മൃത്തിന്‍വികാരമതസത്യമിതിങ്കലൊക്കെ
വര്‍ത്തിപ്പതോര്‍ക്കിലൊരു മൃത്തിതു സത്യമത്രേ.
8
അജ്ഞാനവേളയിലുമസ്തി വിഭാതി രണ്ടു-
മജ്ഞാതമല്ല, സുഖവും വിലസുന്നു മൂന്നും;
രജ്ജുസ്വരൂപമഹിയോടുമിദന്തയാര്‍ന്നു
നില്‍ക്കുന്നതിന്നിഹ നിദര്‍ശനമാമിതോര്‍ത്താല്‍.
9
വിശ്വം വിവേകദശയിങ്കലഴിഞ്ഞു സര്‍വ-
മസ്വസ്ഥമാകിലുമതിന്ദ്രിയദൃശ്യമാകും
ദിക്കിന്‍ഭ്രമം വിടുകിലും ചിരമിങ്ങിവന്‍റെ
ദൃക്കിന്നു ദിക്കു പുനരങ്ങനെതന്നെ കാണാം.
1
സത്യത്തിലില്ലയുലകം സകലം വിവേക-
വിദ്ധ്വസ്തമായ പിറകും വിലസുന്നു മുന്‍പോല്‍
നിസ്തര്‍ക്കമായ് മരുവിലില്ലിഹ നീരമെന്നു
സിദ്ധിക്കിലും വിലസിടുന്നിതു മുന്‍പ്രകാരം.
11
ജ്ഞാനിക്കു സത്തുലകു ചിത്തു സുഖസ്വരൂപ-
മാനന്ദമല്ലനൃതമജ്ഞനിതപ്രകാശം
കാണുന്നവന്നു സുഖമസ്തിതയാര്‍ന്ന ഭാനു-
മാനര്‍ക്കനന്ധനിരുളാര്‍ന്നൊരു ശൂന്യവസ്തു.
12
വിത്തൊന്നുതാന്‍ വിവിധമായ് വിലസുന്നിതിങ്ക-
ലര്‍ത്ഥാന്തരം ചെറുതുമില്ല വിശേഷമായി
രജ്ജുസ്വരൂപമറിയാതിരുളാല്‍ വിവര്‍ത്ത-
സര്‍പ്പം നിനയ്ക്കിലിതു രജ്ജുവില്‍നിന്നു വേറോ?
13
ഓരോന്നതായവയവം മുഴുവന്‍ പിരിച്ചു
വേറാക്കിയാലുലകമില്ല വിചിത്രമത്രേ!
വേറാകുമീയവയവങ്ങളുമേവമങ്ങോ-
ട്ടാരായ്കിലില്ലഖിലവും നിജബോധമാത്രം.
14
നൂലാടതന്നിലുദകം നുരതന്നിലേവം
ഹാ! ലോകമാകെ മറയുന്നൊരവിദ്യയാലേ;
ആലോചനാവിഷയമായിതു തന്‍റെ കാര്യ-
ജാലത്തൊടും മറകിലുണ്ടറിവൊന്നുമാത്രം.
15
ആനന്ദമസ്തിയതു ഭാതിയതൊന്നുതന്നെ
താനന്യമോര്‍ക്കിലതു നാസ്തി ന ഭാതി സര്‍വം;
കാനല്‍ജലം ഗഗനനീലമസത്യമഭ്ര-
സൂനം, നിനയ്ക്കില്‍ ഗഗനം പരമാര്‍ത്ഥമാകും.
16
ആത്മാവിലില്ലയൊരഹംകൃതി യോഗിപോലെ
താന്‍ മായയാല്‍ വിവിധമായ് വിഹരിച്ചിടുന്നു;
യോഗസ്ഥനായ് നിലയില്‍നിന്നിളകാതെ കായ-
വ്യൂഹം ധരിച്ചു വിഹരിച്ചിടുമിങ്ങു യോഗി.
17
അജ്ഞാനസംശയവിപര്യയമാത്മതത്ത്വ-
ജിജ്ഞാസുവിന്നു ദൃഢബോധനിതില്ല തെല്ലും;
സര്‍പ്പപ്രതീതി ഫണിയോ കയറോയിതെന്ന
തര്‍ക്കം ഭ്രമം കയറുകാണ്‍കിലിതില്ല തെല്ലും.
18
മുന്നേ കടന്നു വിഷയംപ്രതി വൃത്തി മുന്നില്‍-
നിന്നീടുമാവരണമാം തിര നീക്കിടുന്നു;
പിന്നീടു കാണുമറിവും പ്രഭതന്‍റെ പിന്‍പോയ്
ക്കണ്ണെന്നപോലറിവു കാണുകയില്ല താനേ.
19
കാണുന്നു കണ്ണിഹ തുറക്കിലടയ്ക്കിലന്ധന്‍-
താനുള്ളില്‍മേവുമറിവിങ്ങു വരായ്കയാലേ;
ജ്ഞാനംപുറത്തുതനിയേ വരികില്ല കണ്ണു-
വേണം വരുന്നതിനു കണ്ണിനു കാന്തിപോലെ.