ജീവകാരുണ്യപഞ്ചകം
1 എല്ലാവരുമാത്മസഹോദരരെ-
ന്നല്ലേ പറയേണ്ടതിതോര്‍ക്കുകില്‍ നാം?
കൊല്ലുന്നതുമെങ്ങനെ ജീവികളെ-
ത്തെല്ലും കൃപയറ്റു ഭുജിക്കയതും?
2 കൊല്ലാവ്രതമുത്തമമാമതിലും
തിന്നാവ്രതമെത്രയുമുത്തമമാം
എല്ലാ മതസാരവുമോര്‍ക്കിലിതെ-
ന്നല്ലേ പറയേണ്ടതു ധാര്‍മ്മികരേ?
3 കൊല്ലുന്നതു തങ്കല്‍ വരില്‍ പ്രിയമാ-
മല്ലീ വിധിയാര്‍ക്കു ഹിതപ്രദമാം?
ചൊല്ലേണ്ടതു ധര്‍മ്മ്യമിതാരിലുമൊ-
ത്തല്ലേ മരുവേണ്ടതു സൂരികളേ?
4 കൊല്ലുന്നവനില്ല ഭൂജിപ്പതിനാ-
ളില്ലെങ്കിലശിക്കുക തന്നെ ദൃഢം,
കൊല്ലിക്കുകകൊണ്ടു ഭുജിക്കുകയാം
കൊല്ലുന്നതില്‍ നിന്നുമുരത്തൊരഘം.
5 കൊല്ലായ്കിലവന്‍ ഗുണമുള്ള പുമാ-
നല്ലായ്കില്‍ മൃഗത്തൊടു തുല്യനവന്‍
കൊല്ലുന്നവനില്ല ശരണ്യത മ-
റ്റെല്ലാവക നന്മയുമാര്‍ന്നിടിലും.