സദാചാരം 1              നല്ലതല്ലൊരുവന്‍ ചെയ്ത                 നല്ലകാര്യം മറപ്പത്                 നല്ലതല്ലാത്തതുടനേ                 മറന്നീടുന്നതുത്തമം.   2              ധര്‍മ്മം ജയിക്കുന്നു, സത്യം                 ജയിക്കുന്നിങ്ങു സര്‍വ്വദാ                 അധര്‍മ്മവും ജയിക്കുന്നി-                 ല്ലസത്യവുമൊരിക്കലും   3              നെല്ലിന്നു നീരു വിട്ടീടില്‍                 പുല്ലിനും പോയിടുന്നത്;                 കല്ലിലത്രേ ജലം, നെല്ലില്‍-                 ച്ചെല്ലും വഴി ചെറുക്കുകില്‍.   4              പേരും പ്രതിഭയും നല്ലോ-                 രാരുമേ കൈവിടില്ലത്,                 നേരറ്റ കൃപണര്‍ക്കൊട്ടും                 ചേരാ, നേരേ വിപര്യയം.   5              ഒന്നുണ്ടു നേരു, നേരല്ലി-                 തൊന്നും, മര്‍ത്ത്യര്‍ക്കു സത്യവും                 ധര്‍മ്മവും വേണമായുസ്സു                 നില്ക്കുകില്ലാര്‍ക്കുമോര്‍ക്കുക.   6              ദത്താപഹാരം വംശ്യര്‍ക്കു-                 മത്തലേകീടുമെന്നതു                 വ്യര്‍ത്ഥമല്ല പുരാഗീരി-                 തെത്രയും സത്യമോര്‍ക്കുക   7              കൊടുത്തതു തിരിച്ചങ്ങോ-                 ട്ടെടുക്കുന്നവനെത്രയും                 നിസ്സ്വനാമവനെക്കാളും                 നിസ്സ്വനില്ലാരുമൂഴിയില്‍.