ജാതിനിര്‍ണ്ണയം
1 മനുഷ്യാണാം മനുഷ്യത്വം
ജാതിര്‍ഗോത്വം ഗവാം യഥാ
ന ബ്രാഹ്മണാദിരസ്യൈവം
ഹാ! തത്ത്വം വേത്തി കോƒപി ന.
2 ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്
ഒരു യോനിയൊരാകാരമൊരു ഭേദവുമില്ലതില്‍.
3 ഒരു ജാതിയില്‍ നിന്നല്ലോ പിറന്നീടുന്നു സന്തതി
നരജാതിയിതോര്‍ക്കുമ്പോളൊരു ജാതിയിലുള്ളതാം.
4 നരജാതിയില്‍ നിന്നത്രേ പിറന്നീടുന്നു വിപ്രനും
പറയന്‍ താനുമെന്തുള്ളതന്തരം നരജാതിയില്‍?
5 പറച്ചിയില്‍ നിന്നു പണ്ടു പരാശരമഹാമുനി
പിറന്നു മറ സൂത്രിച്ച മുനി കൈവര്‍ത്തകന്യയില്‍.
6 ഇല്ല ജാതിയിലൊന്നുണ്ടോ വല്ലതും ഭേദമോര്‍ക്കുകില്‍
ചൊല്ലേറും വ്യക്തിഭാഗത്തിലല്ലേ ഭേദമിരുന്നിടൂ?