പിണ്ഡനന്ദി   1              ഗര്‍ഭത്തില്‍ വച്ചു ഭഗവാനടിയന്‍റെ പിണ്ഡ-                 മെപ്പേരുമന്‍പൊടു വളര്‍ത്ത കൃപാലുവല്ലി?                 കല്പിച്ചപോലെ വരുമെന്നു നിനച്ചു കണ്ടി-                 ട്ടര്‍പ്പിച്ചിടുന്നടിയനൊക്കെയുമങ്ങു ശംഭോ!   2              മണ്ണും ജലം കനലുമംബരമോടു കാറ്റു-                 മെണ്ണിപ്പിടിച്ചറയിലിട്ടെരിയും കൊളുത്തി                 ദണ്ഡപ്പെടുത്തുമൊരു ദേവതയിങ്കല്‍ നിന്നെന്‍                 പിണ്ഡത്തിനന്നമൃതു നല്കി വളര്‍ത്ത ശംഭോ!   3              കല്ലിന്നകത്തു കുടിവാഴുമൊരല്പജന്തു-                 വൊന്നല്ല നിന്‍റെ കൃപയിന്നറിയിച്ചിടുന്നു!                 അല്ലിക്കുടത്തിലമരുന്നമരേന്ദ്രനും മ-                 റ്റെല്ലാരുമിങ്ങിതിലിരുന്നു വളര്‍ന്നിടുന്നു.   4              ബന്ധുക്കളില്ല ബലവും ധനവും നിനയ്ക്കി-                 ലെന്തൊന്നുകൊണ്ടിതു വളര്‍ന്നതഹോ! വിചിത്രം;                 എന്തമ്പുരാന്‍റെ കളിയൊക്കെയിതെന്നറിഞ്ഞാ-                 ലന്ധത്വമില്ലതിനു നീയരുളീടു ശംഭോ!   5              നാലഞ്ചു മാസമൊരുപോല്‍ നയനങ്ങള്‍ വച്ചു                 കാലന്‍റെ കയ്യിലണയാതെ വളര്‍ത്തി നീയേ,                 കാലം കഴിഞ്ഞു കരുവിങ്കലിരുന്നു ഞാന-                 ക്കാലം നിനച്ചു കരയുന്നിതു കേള്‍ക്ക ശംഭോ!   6              രേതസ്സു തന്നെയിതു രക്തമൊടും കലര്‍ന്നു                 നാദം തിരണ്ടുരുവതായ് നടുവില്‍ കിടന്നേന്‍,                 മാതാവുമില്ലവിടെയന്നു പിതാവുമില്ലെന്‍-                 താതന്‍ വളര്‍ത്തിയവനാണിവനിന്നു ശംഭോ!   7              അന്നുള്ള വേദന മറന്നതു നന്നുണര്‍ന്നാ-                 ലിന്നിങ്ങു തന്നെരിയില്‍ വീണു മരിക്കുമയ്യോ!                 പൊന്നപ്പനന്നു പൊറിവാതിലൊരഞ്ചുമിട്ടു                 തന്നിട്ടു തന്നെയിതുമിന്നറിയുന്നു ശംഭോ!   8              എന്‍തള്ളയെന്നെയകമേ ചുമടായ്ക്കിടത്തി                 വെന്തുള്ളഴിഞ്ഞു വെറുതേ നെടുവീര്‍പ്പുമിട്ടു                 നൊന്തിങ്ങു പെറ്റു, നരിപോലെ കിടന്നു കൂവു-                 ന്നെന്താവതിങ്ങടിയനൊന്നരുളീടു ശംഭോ!   9              എല്ലാമറിഞ്ഞു ഭഗവാനിവനിന്നെടുത്തു                 ചൊല്ലേണമോ ദുരിതമൊക്കെയകറ്റണേ നീ                 ഇല്ലാരുമിങ്ങടിയനങ്ങൊഴിയുന്നുവെങ്കി-                 ലെല്ലാം കളഞ്ഞെരുതിലേറി വരുന്ന ശംഭോ!