കോലതീരേശസ്തവം   1              കാലാശ്രയമെന്നായണയുന്നോര്‍ക്കനുകൂലന്‍                 ഫാലാക്ഷനധര്‍മ്മിഷ്ഠരിലേറ്റം പ്രതികൂലന്‍                 പാലിക്കണമെന്നെപ്പരിചോടിന്നു കുളത്തൂര്‍                 കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍.   2              ഈ ലോകമശേഷം ക്ഷണമാത്രേണ സൃജിച്ചാ-                 രാലോകനമാത്രേണ ഭരിക്കുന്നനുവേലം                 ഈ ലീലകളാടുന്നവനാണ്ടീടണമെന്നെ                 കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍.   3              സര്‍വ്വാശ്രയമെങ്ങും നിറയുന്നോനപി ഭക്തര്‍-                 ക്കിവ്വാറൊരുരൂപം ഭജനത്തിന്നുധരിപ്പോന്‍                 ആലസ്യമൊഴിച്ചപ്പരബോധം തരണം മേ                 കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍.   4              ഈ ലോചനമാദീന്ദ്രിയമേതെങ്കിലുമൊന്നി-                 ങ്ങാലോചനകൂടാതപഥത്തിങ്കലണഞ്ഞാല്‍                 ആ ലാക്കിലുടന്‍ സന്മതിതോന്നിക്കുകെനിക്കെന്‍-                 കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍. 5              കൈകാല്‍മുതലാമെന്നുടെയങ്ഗങ്ങളിലൊന്നും                 ചെയ്യാതൊരു സത്കര്‍മ്മമൊഴിഞ്ഞങ്ങവിവേകാല്‍                 വയ്യാത്തതു ചെയ്യാന്‍ തുനിയാതാക്കുകവേണം                 കോലത്തുകരക്കോവിലില്‍വാഴും ഭഗവാനേ!   6              രോഗാദികളെല്ലാമൊഴിവാക്കീടുകവേണം                 ഹേ! കാമദ, കാമാന്തക, കാരുണ്യപയോധേ!                 ഏകീടണമേ സൗഖ്യമെനിക്കന്‍പൊടു ശംഭോ!                 കോലത്തുകരക്കോവിലില്‍വാഴും ഭഗവാനേ!   7              ദാരിദ്ര്യമഹാദുഃഖമണഞ്ഞീടരുതെന്നില്‍                 ദൂരത്തകലേണം മദമെന്നും സുജനാനാം                 ചാരത്തുവസിപ്പാനൊരു ഭാഗ്യം വരണം, ശ്രീ-                 കോലത്തുകരക്കോവിലില്‍വാഴും ഭഗവാനേ!   8              ചാപല്യവശാല്‍ ചെയ്തൊരു പാപങ്ങള്‍ പൊറുത്തെന്‍-                 താപങ്ങളൊഴിച്ചാളണമെന്നല്ലിനി നിത്യം                 പാപാപഹമാം നിന്‍പദമോര്‍ക്കായ്വരണം മേ                 കോലത്തുകരക്കോവിലില്‍വാഴും ഭഗവാനേ!   9              ധാതാവിനുമാമാധവനും കൂടിയമേയം                 വീതാവധി നിന്‍ വൈഭവമാരാണുരചെയ്വാന്‍?                 ഏതാനുമിവന്നുള്ളഭിലാഷങ്ങള്‍ പറഞ്ഞേന്‍                 കോലത്തുകരക്കോവിലില്‍വാഴും ഭഗവാനേ!   10           മാലുണ്ടതുരയ്പ്പാന്‍ കഴിവില്ലാശ്ശിശുവിന്‍റെ                 പോലിങ്ങു നിരര്‍ത്ഥധ്വനിയാണെന്‍റെ പുലമ്പല്‍                 ആലംബനമാമെങ്കിലുമംബാസമമിന്നെന്‍-                 കോലത്തുകരക്കോവിലില്‍വാഴും പരമേശന്‍.