ശിവസ്തവം (പ്രപഞ്ചസൃഷ്ടി)   1              ചെവി മുതലഞ്ചുമിങ്ങു ചിതറാതെ മയങ്ങി മറി-                 ഞ്ഞവിടെയിരുന്നു കണ്ടരിയ കണ്ണിലണഞ്ഞഴിയും                 ഇവകളിലെങ്ങുമെണ്ണവുമടങ്ങി നിറഞ്ഞു പുറം                 കവിയുമതേതതിന്‍റെ കളി കണ്ടരുളീടകമേ!   2              അകമുടലിന്നുമിന്ദ്രിയമൊടുള്ളമഴിഞ്ഞെഴുമീ-                 പ്പകലിരവിന്നുമാദിയിലിരുന്നറിയുന്നറിവാം                 നകയിലിതൊക്കെയും ചുഴലവും തെളിയുന്ന നമു-                 ക്കകുടിലവൈഭവങ്ങളിലടങ്ങിയിരുന്നരുളാം.   3              അരുളിലണഞ്ഞിരുള്‍ത്തിര മുഴങ്ങിയെഴുന്ന കുളുര്‍-                 ന്നുരുമിഴി നാവിലമ്മണമുണര്‍ന്നതൊടും പിരിയും                 അര നിമിഷത്തിലിങ്ങിതിലിരുന്നു തികഞ്ഞു വരും                 ദുരിതസമുദ്ര,മിമ്പമിതിലെങ്ങു നമുക്കു ശിവ?   4              ശിവ! ശിവ! മാത്രയില്‍ പലതരം ചിതറുന്നു വെളി-                 ക്കിവകളിലെങ്ങുമിങ്ങിതമറിഞ്ഞു നിറഞ്ഞരുളും-                 ശിവ! ഭഗവാനെയും ചിതറുമാറു തികഞ്ഞു വരു-                 ന്നിവരൊടു പോരിനിന്നിയരുതേ കരുണാലയമേ!   5              അലയുമിതൊക്കെയും കപടനാടകമെന്നറിയും                 നിലയിലിരുന്നറിഞ്ഞഴിവതിന്നു നിനയ്ക്കുക നീ;                 തലയിലെഴും തരങ്ഗനിര തള്ളി നിറഞ്ഞുമറ-                 ഞ്ഞലര്‍ശരവൈരി,നിന്നുടെ പദങ്ങളിലെങ്ങിനിയാം? 6              ഇനിയലയാതെ നിന്തിരുവടിക്കടിയന്‍ ദിനവും                 മനമലരിട്ടു കുമ്പിടുമിതിങ്ങറിയുന്നതു നീ;                 ജനനമെടുത്തു ഞാനിതുകളില്‍ പലതായി വല-                 ഞ്ഞനിശമെനിക്കിവണ്ണമൊരു വേദനയില്ല പരം.   7              അപരമിതൊക്കെയും പരിചയിക്കുമതിങ്കലിരു-                 ന്നപജയമായണഞ്ഞതിതു കണ്ടറി നീ മനമേ!                 ജപപടമങ്ഗമാമിതിലിരുന്നു ജപിക്കുകിലി-                 ങ്ങുപരതി വന്നുചേരുമകതാരിലൊരിമ്പമതാം.   8              അതുമിതുമെന്നുമുന്നുക നിമിത്തമിതിങ്കലെഴും-                 പതി പശു പാശമിങ്ങിതു പരമ്പരയായഴിയും                 മതി കതിരോടു മണ്ണൊളി വിയത്തനിലന്‍ ജലവും                 പതിയുടെ രൂപമെന്നിഹ നമിച്ചു പദം പണിയാം.   9              പണി പലതായ് വരുന്ന കനകത്തിലിരുന്നതുപോ-                 ലണിമിഴികൊണ്ടു നിര്‍മ്മിതമിതൊക്കെയുമത്ഭുതമാം                 അണിയണമെന്നെ നിന്തിരുവടിക്ക,ടിയന്‍മലരാ-                 മണിയണിയായ് നിരന്നു തിരയറ്റുയരും കടലേ!   10           കടലിലെഴും തരങ്ഗനിരപോലെ കലങ്ങി വരു-                 ന്നുടനുടനുള്ളഴിഞ്ഞു പല പറ്റൊഴിയുന്നതുപോല്‍                 ഘടപടമെന്നെടുത്തിഹ തൊടുത്തു വഴക്കിടുമീ                 കുടമുടയുന്നതിന്നകമെടുത്തരുളീടണമേ!