ഇന്ദ്രിയവൈരാഗ്യം   1              നാദം കടന്നു നടുവേ വിലസുന്ന നിന്മെയ്                 ചേതസ്സിലായ്വരിക ജന്മമറുന്നതിന്നായ്                 ബോധം കളഞ്ഞു പുറമേ ചുഴലും ചെവിക്കൊ-                 രാതങ്കമില്ലടിയനുണ്ടിതു തീര്‍ക്ക ശംഭോ!   2              കാണുന്ന കണ്ണിനൊരു ദണ്ഡവുമില്ല കണ്ടെന്‍-                 പ്രാണന്‍ വെടിഞ്ഞിടുകിലെന്തിനു പിന്നെയെല്ലാം                 കാണും നിറം തരമിതൊക്കെയഴിഞ്ഞെഴും നിന്‍-                 ചേണുറ്റ ചെങ്കഴലു തന്നു ജയിക്ക ശംഭോ!   3              ത്വക്കിന്നു ദുഃഖമൊരുനേരവുമില്ലതോര്‍ക്കില്‍                 ദുഃഖം നമുക്കു തുടരുന്നു ദുരന്തമയ്യോ!                 വെക്കം തണുപ്പു വെയിലോടു വിളങ്ങിടും നിന്‍-                 പോക്കല്‍പ്പൊലിഞ്ഞിടുവതിന്നരുളീടു ശംഭോ!   4              തണ്ണീരുമന്നവുമറിഞ്ഞു തരുന്ന നിന്‍മെയ്                 വെണ്ണീറണിഞ്ഞു വിലസുന്നതിനെന്തു ബന്ധം?                 മണ്ണിന്നു തൊട്ടു മതിയന്തമിരുന്നു മിന്നും                 കണ്ണിന്നു കഷ്ടമിതു നിന്‍റെ വിഭൂതി ശംഭോ!   5              നാവിന്നെഴുന്ന നരകക്കടലില്‍ക്കിടന്നു                 ജീവന്‍ തളര്‍ന്നു ശിവമേ! കര ചേര്‍ത്തിടേണം                 ഗോവിന്ദനും നയനപങ്കജമിട്ടു കൂപ്പി                 മേവുന്നു, നിന്‍മഹിമയാരറിയുന്നു ശംഭോ!   6              നീരും നിരന്ന നിലവും കനലോടു കാറ്റും                 ചേരും ചിദംബരമതിങ്കലിരുന്നിടും നീ                 പാരില്‍ കിടന്നലയുമെന്‍ പരിതാപമെല്ലാ-                 മാരിങ്ങു നിന്നൊടറിയിപ്പതിനുണ്ടു ശംഭോ!   7              നാവിന്നു നിന്‍റെ തിരുനാമമെടുത്തുരച്ചു                 മേവുന്നതിന്നെളുതിലൊന്നരുളീടണേ നീ                 ജീവന്‍ വിടുമ്പൊഴതില്‍നിന്നു തെളിഞ്ഞിടും പിന്‍                 നാവിന്നു ഭൂഷണമിതെന്നി നമുക്കു വേണ്ടാ.   8              കയ്യൊന്നുചെയ്യുമതുപോലെ നടന്നിടും കാ-                 ലയ്യോ! മലത്തൊടു ജലം വെളിയില്‍ പതിക്കും                 പൊയ്യേ പുണര്‍ന്നിടുമതിങ്ങനെ നിന്നു യുദ്ധം                 ചെയ്യുമ്പൊഴെങ്ങനെ ശിവാ തിരുമെയ് നിനപ്പൂ?   9              ചിന്തിച്ചിടുന്നു ശിവമേ! ചെറുപൈതലാമെന്‍                 ചിന്തയ്ക്കു ചേതമിതുകൊണ്ടൊരുതെല്ലുമില്ലേ                 സന്ധിച്ചിടുന്ന ഭഗവാനൊടു തന്നെ ചൊല്ലാ-                 തെന്തിങ്ങുനിന്നുഴറിയാലൊരു സാദ്ധ്യമയ്യോ!   10           അയ്യോ! കിടന്നലയുമിപ്പുലയര്‍ക്കു നീയെന്‍-                 മെയ്യോ കൊടുത്തു വിലയായ് വിലസുന്നു മേലില്‍                 കയ്യൊന്നു തന്നു കരയേറ്റണമെന്നെയിന്നീ-                 പ്പൊയ്യിങ്കല്‍നിന്നു പുതുമേനി പുണര്‍ന്നിടാനായ്.