കുണ്ഡലിനിപ്പാട്ട്
ആടു പാമ്പേ, പുനം തേടു പാമ്പേ, യരു-
ളാനന്ദക്കൂത്തു കണ്ടാടു പാമ്പേ.
തിങ്കളും കൊന്നയും ചൂടുമീശന്‍ പദ-
പങ്കജം ചേര്‍ന്നു നിന്നാടു പാമ്പേ.
വെണ്ണീറണിഞ്ഞു വിളങ്ങും തിരുമേനി
കണ്ണീരൊഴുകക്കണ്ടാടു പാമ്പേ.
ആയിരം കോടിയനന്തന്‍ നീയാനന-
മായിരവും തുറന്നാടുപാമ്പേ.
ഓമെന്നു തൊട്ടൊരു കോടി മന്ത്രപ്പൊരുള്‍
നാമെന്നറിഞ്ഞുകൊണ്ടാടു പാമ്പേ.
പുള്ളിപ്പുലിത്തോല്‍ പുതയ്ക്കും പൂമേനിയെ-
ന്നുള്ളില്‍ കളിക്കുമെന്നാടു പാമ്പേ.
പേയും പിണവും പിറക്കും ചുടുകാടു
മേയും പരംപൊരുളാടു പാമ്പേ.
പൂമണക്കുംകുഴലാളകം പൂകുമാ
കോമളമേനി കണ്ടാടു പാമ്പേ.
നാദത്തിലുണ്ടാം നമശ്ശിവായപ്പൊരു-
ളാദിയായുള്ളതെന്നാടു പാമ്പേ.
പൂമലരോനും തിരുമാലുമാരും പൊന്‍-
പൂമേനി കണ്ടില്ലെന്നാടു പാമ്പേ.
കാമനെച്ചുട്ട കണ്ണുള്ള കാലാരിതന്‍-
നാമം നുകര്‍ന്നു നിന്നാടു പാമ്പേ.
വെള്ളിമലയില്‍ വിളങ്ങും വേദപ്പൊരു-
ളുള്ളില്‍ കളിക്കുമെന്നാടു പാമ്പേ.
എല്ലാമിറക്കിയെടുക്കുമേകന്‍ പദ-
പല്ലവം പറ്റിനിന്നാടു പാമ്പേ.
എല്ലായറിവും വിഴുങ്ങി വെറും വെളി-
യെല്ലയിലേറിനിന്നാടു പാമ്പേ.
എല്ലാം വിഴുങ്ങിയെതിരറ്റെഴുന്നൊരു
ചൊല്ലെങ്ങുമുണ്ടുനിന്നാടു പാമ്പേ.
ചൊല്ലെല്ലാമുണ്ടു ചുടരായെഴും പൊരു-
ളെല്ലയിലേറിനിന്നാടു പാമ്പേ.
ദേഹം നിജമല്ല ദേഹിയൊരുവനീ
ദേഹത്തിലുണ്ടറിഞ്ഞീടു പാമ്പേ.
നാടും നഗരവുമൊന്നായി നാവില്‍ നി-
ന്നാടു നിന്‍നാമമോതീടു പാമ്പേ.
ദേഹവും ദേഹിയുമൊന്നായ് വിഴുങ്ങിടു-
മേകനുമുണ്ടറിഞ്ഞീടു പാമ്പേ.
പേരിങ്കല്‍നിന്നു പെരുവെളിയെന്നല്ല
പാരാദി തോന്നിയെന്നാടു പാമ്പേ.
ചേര്‍ന്നു നില്ക്കുമ്പൊരുളെല്ലാം ചെന്താരൊടു
നേര്‍ന്നു പോമ്മാറു നിന്നാടു പാമ്പേ!