ചിജ്ജഡചിന്തനം   1              ഒരുകോടി ദിവാകരരൊത്തുയരും                 പടി പാരൊടു നീരനലാദികളും                 കെടുമാറു കിളര്‍ന്നുവരുന്നൊരു നിന്‍                 വടിവെന്നുമിരുന്നു വിളങ്ങിടണം.   2              ഇടണേയിരുകണ്‍മുനയെന്നിലതി-                 ന്നടിയന്നഭിലാഷമുമാപതിയേ!                 ജഡമിന്നിതുകൊണ്ടു ജയിക്കുമിതി-                 ന്നിടയില്ലയിരിപ്പതിലൊന്നിലുമേ.   3              നിലമോടു നെരുപ്പു നിരന്നൊഴുകും-                 ജലമാശുഗനംബരമഞ്ചിലുമേ                 അലയാതെയടിക്കടി നല്കുക നിന്‍                 നിലയിന്നിതുതന്നെ നമുക്കു മതി.   4              മതിതൊട്ടുമണം മുതലഞ്ചുമുണര്‍-                 ന്നരുളോളവുമുള്ളതു ചിന്‍മയമാം                 ക്ഷിതിതൊട്ടിരുളോളമഹോ! ജഡമാ-                 മിതു രണ്ടിലുമായമരുന്നഖിലം.   5              അഖിലര്‍ക്കുമതിങ്ങനെ തന്നെ മതം                 സുഖസാദ്ധ്യമിതെന്നു ശുകാദികളും                 പകരുന്നു പരമ്പരയായ് പലതും                 ഭഗവാനുടെ മായയഹോ! വലുതേ   6              വലുതും ചെറുതും നടുമദ്ധ്യവുമാ-                 യലയറ്റുയരുന്ന ചിദംബരമേ!                 മലമായയിലാണു മയങ്ങി മനം                 നിലവിട്ടു നിവര്‍ന്നലയാതരുളേ.   7              അരുളേ! തിരുമേനിയണഞ്ഞിടുമീ-                 യിരുളേ! വെളിയേയിടയേ! പൊതുവേ!                 കരളേ! കരളിങ്കലിരിക്കുമരും-                 പൊരുളേ! പുരി മൂന്നുമെരിച്ചവനേ!   8              എരികയ്യതിലേന്തിയിറങ്ങിവരും                 തിരുമേനി ചിദംബരമെന്നരുളും                 പുരിതന്നിലിരുന്നു പുരം പൊരിചെ-                 യ്തരുളുന്നതുതന്നെയൊരദ്ഭുതമാം.   9              പുതുമാംകനി! പുത്തമൃതേ! ഗുളമേ!                 മധുവേ! മധുരക്കനിയേ! രസമേ!                 വിധിമാധവരാദി തിരഞ്ഞിടുമെന്‍                 പതിയേ! പദപങ്കജമേ! ഗതിയേ!   10           ഗതി നീയടിയന്നു ഗജത്തെയുരി-                 ച്ചതുകൊണ്ടുടചാര്‍ത്തിയ ചിന്മയമേ!                 ചതി ചെയ്യുമിരുട്ടൊരുജാതി വിടു-                 ന്നതിനിന്നടിയന്നരുളേകണമേ.