മനനാതീതം (വൈരാഗ്യദശകം)   1              കരുങ്കുഴലിമാരൊടു കലര്‍ന്നുരുകിയപ്പൂ-                 ങ്കുരുന്നടിപിരിഞ്ഞടിയനിങ്ങു കുഴയുന്നു;                 പെരുംകരുണയാറണിയുമയ്യനെ മറന്നി-                 ത്തുരുമ്പനിനിയെന്തിനുയിരോടു മരുവുന്നു?   2              മരുന്നു തിരുനാമമണിനീറൊടിതു മന്നില്‍                 തരുന്നു പല നന്മ തടവീടുമടി രണ്ടും                 വരുന്ന പല ചിന്തകളറുന്നതിനുപായാ-                 ലിരന്നിതു മറന്നുകളയായ്വതിനടുത്തേന്‍.   3              അടുത്തവരൊടൊക്കെയുമെതിര്‍ത്തുപൊരുതീടും                 പടത്തലവിമാരൊടു പടയ്ക്കടിയനാളോ?                 എടുത്തരികിരുത്തിയരുളേണമിനിയും പൊ-                 ന്നടിത്തളിര്‍മറന്നിവിടെയെന്തിനലയുന്നു?   4              അലഞ്ഞു മുലയുംതലയുമേന്തിയകതാരില്‍                 കലങ്ങിയെഴുമാഴിയുമഴിഞ്ഞരിയ കണ്ണും                 വിളങ്ങി വിളയാടി നടകൊള്ളുമിവരോടി-                 മ്മലങ്ങളൊഴുകും കുടിലിലാണു വലയുന്നു.   5              വളഞ്ഞു വലകെട്ടി മദനപ്പുലയനുള്ളും                 കളഞ്ഞതിലകപ്പറവ വീണു വലയുന്നു;                 വളഞ്ഞകുഴലോടുമുലയുന്ന മിഴിയിന്നും                 വിളഞ്ഞതതിലെന്തിനു കിടന്നു ചുഴലുന്നു?   6              ചുഴന്നുവരുമാളുകളെയൊക്കെ വിലകൊണ്ടി-                 ങ്ങെഴുന്നണയുമെന്നൊരറിവുണ്ടടിയനിന്നും                 ഉഴന്നവരിലുള്ളമലയാതിവിടെയൊന്നായ്-                 ത്തൊഴുന്നു തുയരോടിവിടെ നിന്നടിയിണയ്ക്കായ്.   7              ഇണങ്ങിയിരുകൊങ്കയുമിളക്കിയുയിരുണ്ണും                 പിണങ്ങളൊടു പേടി പെരുതായി വിളയുന്നു                 മണംമുതലൊരഞ്ചിലുമണഞ്ഞു വിളയാടും                 പിണങ്ങളൊടു ഞാനൊരു കിനാവിലുമിണങ്ങാ.   8              ഇണങ്ങണമെനിക്കരുളിലെന്തിനു കിടന്നീ                 ഗുണങ്ങളൊഴിയും കുലടമാരൊടലയുന്നു;                 പിണഞ്ഞു പുണരും പെരിയ പേയടിയൊടേ പോയ്                 മണങ്ങളുമറുന്നതിനിതാ മുറയിടുന്നു.   9              മുറയ്ക്കുമുറ മിന്നിമറയും മിഴിയിളക്കി-                 ത്തെറിക്കുമൊരു പെണ്‍കൊടി ചെറുത്തടിയിലാക്കി                 മറുത്തു വിളയാടി മരുവുന്നിടയിലെല്ലാം                 വെറുത്തു വരുവാനെഴുതി നിന്തിരുവടിക്കായ്.   10           അയയ്ക്കരുതിനിച്ചടുലലോചനയൊടപ്പൊന്‍-                 ശയത്തളിരിലേന്തിയടിയോടവനിയിന്മേല്‍                 മയക്കവുമറുത്തു മണിമേനിയിലണച്ചീ-                 ടയ്ക്കരുതയയ്ക്കരുതനങ്ഗരിപുവേ! നീ. )