ശിവപ്രസാദപഞ്ചകം   1              ശിവ! ശങ്കര! ശര്‍വ! ശരണ്യ! വിഭോ!                 ഭവസങ്കടനാശന! പാഹി ശിവ!                 കവിസന്തതി സന്തതവും തൊഴുമെന്‍-                 ഭവനാടകമാടുമരുമ്പൊരുളേ!   2              പൊരുളെന്നുമുടമ്പൊടു മക്കളുയിര്‍-                 ത്തിരളെന്നുമിതൊക്കെയനര്‍ത്ഥകരം                 കരളീന്നു കളഞ്ഞു കരുംകടലില്‍                 പുരളാതെ പൊതിഞ്ഞു പിടിപ്പതു നീ.   3              പിടിപെട്ടു പുരണ്ടുമറിഞ്ഞു പിണ-                 ക്കുടിയില്‍ക്കുടികൊണ്ടു ഗുണങ്ങളൊടും                 കുടികൊണ്ടു കുടിക്കുമരുംകുടിനീ-                 രടിതട്ടിയകത്തു നിറഞ്ഞിരി നീ.   4              ഗളമുണ്ടു കറുത്തതു നീ ഗരളം                 കളമുണ്ടതുകൊണ്ടു കൃപാനിധിയേ!                 കളമുണ്ടൊരു കൊണ്ടലൊടൊത്ത കടല്-                 ക്കളവുണ്ടൊരു സീമ നിനക്കു നഹി.   5              കനിവെന്നിലിരുത്തിയനങ്ഗരസ-                 ക്കനി തട്ടിയെറിഞ്ഞു കരം കഴുകി                 തനിമുക്തി പഴുത്തു ചൊരിഞ്ഞൊഴുകും                 കനകക്കൊടിയേ! കഴലേകുക നീ.