സുബ്രഹ്മണ്യകീര്‍ത്തനം
1 അന്തിപ്പൂന്തിങ്കളുന്തിത്തിരുമുടിതിരുകി-
ച്ചൂടിയാടും ഫണത്തിന്‍-
ചന്തം ചിന്തും നിലാവിന്നൊളിവെളിയില്‍ വിയദ്
ഗംഗ പൊങ്ങിക്കവിഞ്ഞും
ചന്തച്ചെന്തീമിഴിച്ചെങ്കതിര്‍നിര ചൊരിയി-
ച്ചന്ധകാരാനകറ്റി-
ച്ചിന്താസന്താനമേ, നിന്തിരുവടിയടിയന്‍-
സങ്കടം പോക്കിടേണം.
2 പച്ചക്കള്ളം വിതററിപ്പഴവിന കുടികെ-
ട്ടിക്കിടക്കുന്നൊരിമ്മെ-
യ്യെച്ചില്‍ച്ചോറുണ്ടിരപ്പോടൊരു വടിയുമെടു-
ത്തോടി മൂടറ്റിടും മുന്‍
പച്ചപ്പൊന്‍മൈലിലേറിപ്പരിചിനൊടെഴുന്ന-
ള്ളിപ്പടിക്കല്‍ കിടക്കും
പിച്ചക്കാരന്നു വല്ലോമൊരു ഗതി തരണേ
മറ്റെനിക്കാരുമില്ലേ!
3 ജ്യോതിശ്ചക്രം കണക്കെന്‍ മനമിളകിമറി-
ഞ്ഞായുരന്തം വരും മുന്‍
ബോധക്കേടൊക്കെ നീക്കിത്തരികയമൃതരുള്‍-
ത്തേന്‍ തുളുമ്പും പദം തേ;
പാതിപ്പെണ്‍മെയ്മകന്‍ നിന്തിരുവടിയുടെ മേ-
ലേറിയാടുന്ന നേരം
മോദിച്ചേതും മടിക്കാതവനെയിവിടെ നീ
കൊണ്ടുവാ തങ്കമൈലേ!
4 എണ്‍ചാണ്‍ റോട്ടൂടെയുള്ളശ്ശകടമതു വലി-
ച്ചോണ്ടു മേലീഴ്ത്തുകീഴും
സഞ്ചാരം താവിമേവും തുരഗമിണയൊടേ
പൂട്ടിയോടിച്ചിറങ്ങി
അഞ്ചാറെട്ടും കടന്നായരമനയകമേ-
റിസ്സുഖിച്ചങ്ങിരുന്നെന്‍-
നെഞ്ചാറിപ്പാല്‍കുടിപ്പാനൊരുവരമരുളീ-
ടേണമേ തമ്പുരാനേ!
5 അങ്കുങ്കും നാഡിയോടും ദിനമണി മതിയും
പോയണഞ്ഞീടുമപ്പോള്‍
തങ്കക്കോയിക്കലുള്ളില്‍ തരളമണിവിള-
ക്കുംകൊളുത്തിക്കരേറ്റി
നങ്കും മങ്കും നടിച്ചും നടനമിടുവതി-
ന്നായെഴുന്നള്ളിവായീ-
യങ്കം വെട്ടുന്ന വേടപ്പരിഷയെ നിരവേ
ചുട്ടു നിര്‍ധൂളിയാക്കാന്‍.
6 കാടും മേടും കഥിച്ചോണ്ടൊരു കമനിമണീ-
കാന്തനായാലുമെന്തേ
പാടും കേടും പറഞ്ഞും പലവഴിയുഴറി-
പ്പാഞ്ഞലഞ്ഞാലുമെന്തേ
കാടും വീടും സമം നിന്തിരുവടിയരുള്‍പൊ-
ങ്ങീടുവോളം പൊറുപ്പാന്‍
നാടുണ്ടോടുണ്ടു ചോറുണ്ടരിയ തിരുവെഴു-
ത്താറുമുണ്ടോതുവാനും.
7 ഓങ്കാരംകൊണ്ടെഴുപ്പിപ്പെരുവെളിനടുവേ
പള്ളികൊണ്ടുള്ളിലുണ്ടാം
ഝങ്കാരം കേട്ടുണര്‍ന്നീടുക ഝടിതി മതി-
ത്താമരത്തേന്‍ കുടിപ്പാന്‍
പങ്കാരും പറ്റുവാനില്ലിരവുപകലിരു-
ന്നീച്ചയും തേനുറിഞ്ചും-
ഝങ്കാരംപോലുമില്ലിങ്ങിതിനെയിനിമയോ-
ടാസ്വദിച്ചീടുവാന്‍ വാ.
8 കണ്ണുണ്ടീരാറു കാതും കരവുമതുകണ-
ക്കുണ്ടു കാരുണ്യമോയീ-
വണ്ണം മറ്റാര്‍ക്കുമില്ലീയടിമയിഹ പെടും
പാടു കണ്ടീലയോ നീ
കണ്ണില്‍ക്കണ്ടോര്‍ പഴിക്കുന്നതുമൊരു ചെവികൊ-
ണ്ടെങ്കിലും കേട്ടതില്ലേ,
ദണ്ണം തീര്‍ത്തെന്നെ രക്ഷിച്ചഭയമരുളുവാന്‍
കയ്യുമൊന്നല്ലെ വേണ്ടൂ?
9 ഓട്ടീലൊട്ടിച്ചു നാളത്തിരുനടുവെളി പാര്‍-
ത്തങ്കുശങ്കെന്നു തട്ടി-
ക്കൂട്ടിപ്പൂട്ടിപ്പിടിച്ചക്കുതിരയെ നടുറോ-
ട്ടൂടെയോടിച്ചു വേഗം,
ചാട്ടിന്‍ കൂട്ടിങ്കലുള്‍ച്ചഞ്ചലതരമിളകും
പഞ്ചരാജാക്കള്‍ പോം മുന്‍
കൂട്ടക്കൊട്ടോടു കോട്ടയ്ക്കകമതു കരയേ-
റിസ്സുഖിപ്പാന്‍ വരം താ.
10 മൗനപ്പൂന്തേനൊഴുക്കേ! മതിയമൃതൊലിയേ,
മന്ദനാമെന്‍ മനക്കണ്‍-
ജ്ഞാനക്കണ്ണാടിയേ! നിന്‍തിരുവടിയടിയന്‍-
തീ പൊറുത്തീടവേണം;
കൂനിത്തന്തേനുമായിക്കുറവര്‍കുടിയതില്‍
പെണ്ണെടുത്തുണ്ടതേക്കാള്‍
മാനക്കേടോ നിനക്കീയഗതിയെയവനം
ചെയ്തു നിന്നോടു ചേര്‍ത്താല്‍?
11 വെയ്ലും ന്ലാവും വിഴുങ്ങിക്കനലൊളി നടുവില്‍
ക്കാലുമൂന്നിപ്പിടിച്ച-
മ്മയ്ലിന്മേലാടുമുണ്ണീ, മറയരുതു മനോ-
മൗനവീട്ടിന്‍ വിളക്കേ,
റെയ്ലിന്‍ വേഗം ജയിക്കും ജരനര മുതലാം
മൂഢരും ഞാനുമായി-
ജ്ജയ്ലില്‍ പാര്‍പ്പാന്‍ ഞെരുക്കം ജവമയി! പരമന്‍
ചിത്സുഖം നല്കിടേണം.
12 സ്പഷ്ടം ന്ലാവങ്ങുനീങ്ങി ദിനകരനുദയം
ചെയ്തു ചന്ദ്രന്‍ മറഞ്ഞു
തട്ടിത്തട്ടിപ്പെരുക്കിപ്പെരുവെളിയതിലാ-
ക്കീടുവാന്‍ പിന്നെയാട്ടേ,
കഷ്ടം ദീനം പിടിച്ചോ മദിരയതുകൂടി-
ച്ചോ കിടക്കുന്ന ലോകര്‍-
ക്കുത്തിഷ്ഠോത്തിഷ്ഠ ശീഘ്രം, നദിയില്‍ മുഴുകുവാന്‍
കാലമായ് വന്നിതിപ്പോള്‍.
13 ഉള്‍ത്തീമാറ്റാനുപായത്തുനിവിനിയ മന-
ക്കണ്‍മണേ, നീ തരാഞ്ഞാ-
ലുള്‍ത്തീവ്രം പൊങ്ങിവിങ്ങും ദഹനശിഖയില്‍ ഞാന്‍
വെന്തുപോട്ടെന്നുറച്ചോ?
പിച്ചും ഭ്രാന്തും പിടിച്ചപ്പിണിയറുതി വരാ-
നായ് വിതറ്റുന്നൊരിപ്പേ-
പ്പട്ടിക്കുണ്ടോ സുബോധം; പിഴകളഖിലവും
നീ പൊറുത്താളുമല്ലോ!
14 എച്ചില്‍ച്ചോറുണ്ട പുള്ളിക്കിനിയൊരു മകനാം
നീയിരപ്പാളി ഞാനോ
പിച്ചക്കാരന്‍, പിഴയ്ക്കും പിഴകളഖിലവും
നീ പൊറുക്കെന്നു ഞായം;
അച്ഛന്‍ പൈതങ്ങള്‍തന്‍ കാലടിയിണയടിപെ-
ട്ടാലുമൊക്കെപ്പൊറുത്ത-
ക്കൊച്ചുങ്ങള്‍ക്കുള്ളഭീഷ്ടം കനിവൊടു നിറവേ-
റ്റിക്കൊടുക്കുന്നുവല്ലോ!
15 ഉണ്മാനില്ലാഞ്ഞിരപ്പോട്ടിയുമൊരുവടിയും-
കൊണ്ടു നീളേ നടക്കും-
പെണ്മെയ്പങ്കന്‍ കുടത്തിന്‍ കവിളു കവിയുമാ-
റുള്ള കള്ളും ചുമന്നും
നിര്‍മ്മാണംപോല്‍ ചിലപ്പോളരയിലൊരു കരി-
ത്തോലുടുത്തും നടക്കും
വന്മായം നിന്‍തകപ്പന്‍വികൃതികള്‍ പറവാ-
നാദിശേഷന്നുമാമോ?