ഷണ്‍മുഖസ്തോത്രം   1              അര്‍ക്കബിംബമൊരാറുദിച്ചുയരുന്നപോലെവിളങ്ങിടും                 തൃക്കിരീട ജടയ്ക്കിടയ്ക്കരവങ്ങളമ്പിളിതുമ്പയും                 ദുഷ്കൃതങ്ങളകറ്റുവാനൊഴുകീടുമംബരഗംഗയും                 ഹൃത്ക്കുരുന്നിലെനിക്കുകാണണമെപ്പൊഴും ഗുഹ! പാഹിമാം.   2              ആറുവാര്‍മതിയോടെതിര്‍ത്തുജയിച്ചിടുംതിരുനെറ്റിമേ-                 ലാറിലുംമദനംപൊരിച്ച വലിപ്പമുള്ളൊരുകണ്‍കളും                 കൂറൊടും നിജഭക്തരക്ഷ വരുത്തുവാനിളകീടുമ-                 ക്കാര്‍തൊഴും പുരികങ്ങളുംമമകാണണം ഗുഹ! പാഹിമാം.   3              ഇന്ദുബിംബ വിഭാവസുക്കളിടംവലം നയനങ്ങളാ-                 മിന്ദുബിംബമുഖങ്ങളും തിരുനാസികാവലിയും തഥാ                 കര്‍ണ്ണകുണ്ഡലമണ്ഡലീകൃത ഗണ്ഡപാളിയുമെന്നുടേ                 കണ്ണിണയ്ക്കതിഥീഭവിയ്ക്കണമെപ്പൊഴും ഗുഹ! പാഹിമാം.   4              ഈശ, നിന്‍ പവിഴംതൊഴും രദനച്ഛദങ്ങളുമുല്ലസത്-                 കേശപേശലദന്തതാടികളും കറുത്ത ഗളങ്ങളും                 ഭാസുരാകൃതി കൈകളില്‍ തിരുവായുധങ്ങളൊടും മമ                 ക്ലേശനാശനസിദ്ധയേ വരികാശു ഷണ്‍മുഖ! പാഹിമാം.   5              ഉള്ളിലുള്ളൊരു ദോഷഭാരമൊഴിപ്പതിന്നതി സൗരഭം                 വെള്ളിമുത്തുപളുങ്കൊടൊത്തുകൊരുത്തുചാര്‍ത്തിയമാറിടം                 വള്ളിതന്‍മണവാള,നിന്നുദരാഭയും തിരുനാഭിയും                 ഉള്ളിലാകണമെപ്പൊഴും പരിശുദ്ധയേ ഗുഹ! പാഹിമാം.   6              ഊഢകാന്തികലര്‍ന്നിടും ത്രിവലിക്കടിക്കു കടിസ്ഥലാ-                 രൂഢകാഞ്ചനകാഞ്ചിസഞ്ചിതചേലയും കടിസൂത്രവും                 രൂഢമായ് വിലസുന്നതൃത്തുട മുട്ടടുത്ത കണങ്കഴല്‍-                 പ്രൗഢിയും മമ കാണണംപരിചോടു ഷണ്‍മുഖ! പാഹിമാം.   7              ഋക്ഷവത്ക്കുതികൊള്ളുമെന്‍മനമിക്കണക്കു വരാതിനി                 രക്ഷചെയ്വതിനൊച്ചയുള്ള ചിലമ്പിടുംനരിയാണിയും                 പക്ഷിവാഹനഭാഗിനേയ, മയൂരപൃഷ്ഠമമര്‍ന്നു വ-                 ന്നക്ഷിഗോചരമായ്വിളങ്ങണമെപ്പൊഴും ഗുഹ! പാഹിമാം   8              ഋൗണബന്ധമെനിക്കിനിക്കനവിങ്കലും കരുതേണ്ടമത്-                 പ്രാണനാഥ! ഭവത്പദപ്രപദത്തിലെത്തുകിലാമയം                 ക്ഷീണമായ് മരുവും സരോരുഹ ശോഭതേടിന പാദവും                 കാണണം പദവിക്രമങ്ങള്‍ നഖങ്ങളും ഗുഹ! പാഹിമാം.   9              ലുപ്തപിണ്ഡ പിതൃപ്രതിക്രിയചെയ്വതിന്നുമിതൊന്നിനും                 ക്ലിപ്തമില്ലയെനിക്കു താവക പാദസേവനമെന്നിയേ                 ലബ്ധവിദ്യനിവന്‍ ഭവത്കൃപയുണ്ടിതെങ്കിലനന്യസം-                 തൃപ്തിയും പദഭക്തിയും വരുമാശു ഷണ്‍മുഖ! പാഹിമാം.   10           ലൂതമുള്ളിലിരുന്ന നൂലു വലിച്ചുനൂത്തുകളിച്ചതും                 സാദരം തനതുള്ളിലാക്കി രമിച്ചിടുംപടി മായയാ                 ഭൂതഭൗതികമൊക്കെയും പതിവായെടുത്തുഭരിച്ചഴി-                 ച്ചാദിമുച്ചുടരായ് വിളങ്ങുമനന്ത ഷണ്‍മുഖ! പാഹിമാം.   11           എട്ടുചുറ്റൊടു മോക്ഷമാര്‍ഗ്ഗമടച്ചു മേവിന കുണ്ഡലി-                 ക്കെട്ടറുത്തുകിളര്‍ന്നു മണ്ഡലവുംപിളര്‍ന്നു ഭവത്പദം                 തുഷ്ടിയോടുപിടിപ്പതിന്നരുളുന്നതെന്നുഭവാബ്ധിയില്‍                 പ്പെട്ടുപോകരുതിന്നിയും ഭഗവാനെ, ഷണ്‍മുഖ! പാഹിമാം.   12           ഏതുമൊന്നു ഭവാനൊഴിഞ്ഞടിയന്നൊരാശ്രയമാരുമീ-                 ഭൂതലത്തിലുമെങ്ങുമില്ല കൃപാനിധേ കരുതേണമേ!                 'കാതിലോല'യിതെന്നുചിന്ത തുടര്‍ന്നിടും മയി സന്തതം                 ഭാതി യാവദനങ്ഗദാഹികടാക്ഷമഗ്നിജ! പാഹിമാം.   13           ഐശബീജമതിങ്കല്‍ നിന്നുളവായ നിന്തിരുമേനിയി-                 ങ്ങാശുശുക്ഷണി മിന്നലോടുപമിക്കുമിന്നികടത്തിലും                 നാശഹീനനതാമഗസ്ത്യമുനീന്ദ്രസന്നിധിയിങ്കല്‍ നി-                 ന്നാശിഷാ ഗുരുനാഥനായ കണക്കു ഷണ്‍മുഖ! പാഹിമാം.   14           ഒന്നുപൊലഖിലാണ്ഡകോടിയകത്തടച്ചതിനുള്ളിലും                 തന്നകത്തിലുമെങ്ങുമൊക്കെനിറഞ്ഞുതിങ്ങിവിളങ്ങിടും                 നിന്നരുള്‍ക്കൊരിടം കൊടുപ്പതിനൊന്നുമില്ലയിതെപ്പൊഴോ                 നിന്നില്‍നിന്നരുള്‍കൊണ്ടു ജാതമിതൊക്കെയും ഗുഹ! പാഹിമാം.   15           ഓമിതി പ്രണവപ്രനഷ്ടകലിപ്രദോഷ മനസ്സില്‍ നി-                 ന്നോമനപ്പുതുമേനികണ്ടു കരംകുവിപ്പതിനാശയാ                 പൂമണം ബുധപൂജിതംപെരുമാറുമങ്ഘ്രിസരോരുഹേ                 നാമനം വിതനോമി നാശവിഹീന ഷണ്മുഖ! പാഹിമാം.   16           ഔഡുമണ്ഡലമധ്യവര്‍ത്തിയതാം ശശാങ്കനിഭന്‍ ഭവാന്‍                 കൈടഭാരിസരോരുഹാസന ദേവതാസു മഹാമതേ                 ഐഡഭാവമൊഴിക്കുമേതവ തൃച്ചിലമ്പൊലികേള്‍ക്കുവാ-                 നീഡയാമിഭവത്പദാംബുജമെപ്പൊഴും ഗുഹ! പാഹിമാം.   17           അംബുധിത്തിരയും തിരക്കുമിളപ്രവാഹവുമൊക്കെയോ-                 രംബുരാശിയതായടങ്ങിയൊടുങ്ങിടുംപടിനിന്നില്‍ നി-                 ന്നംബ, പൊങ്ങിമറിഞ്ഞുയര്‍ന്നുമറഞ്ഞിടുന്നഖിലാണ്ഡവും                 അംബയാ സഹ വര്‍ത്തമാന വിജന്മഷണ്മുഖ! പാഹിമാം.   18           അല്ലിലും പകലും ഭവത്പദപല്ലവങ്ങളിലല്ലയോ                 ചൊല്ലിയിങ്ങനെ സൗമ്യമാം മുതലുള്ളടക്കിയിരിപ്പതും                 കൊല്ലുവാന്‍കൊലയാനപോലെയണഞ്ഞിടും മലമായയേ                 വെല്ലുവാനൊരു മന്ത്രമിങ്ങരുളീടു ഷണ്മുഖ! പാഹിമാം.   19           കഷ്ടമിക്കലിയില്‍ക്കിടന്നുഴലുന്നതൊക്കെയുമങ്ങുസ-                 ന്തുഷ്ടനായ് സുഖമോടു കണ്ടുരസിച്ചിരിക്കുക യോഗ്യമോ?                 ക്ലിഷ്ടതയ്ക്കൊരിടംകൊടുക്കണമെന്നുനിന്തിരുവുള്ളിലു-                 ണ്ടിഷ്ടമെങ്കിലടിക്കടുത്തിടുമെന്നിലോ ഗുഹ! പാഹിമാം.